ബംഗ്ലൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലേക്ക് മലയാള ചിത്രം പാതി തെരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്രോത്സവത്തിലേക്ക് മത്സരവിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു മലയാള ചിത്രമാണ് ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്‍ത പാതി.

ഇന്ദ്രന്‍സ് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെയ്യം കലയുടെ പശ്ചാത്തലത്തില്‍ ഭ്രൂണഹത്യയ്ക്കെതിരെയുളള സന്ദേശമാണ് ചിത്രം നല്‍കുന്നത്. തെയ്യം മുഖത്തെഴുത്തുകാരനും നാട്ടുവൈദ്യനുമാണ് കമ്മാരൻ. ജന്മനാ വിരൂപനായ കമ്മാരൻ ഒരിക്കൽ നടത്തിയ ഭ്രൂണഹത്യയുടെ പാപബോധവും അതുണ്ടാക്കുന്ന മാനസികസംഘര്‍ഷങ്ങളിലൂടെയാണ് ചിത്രം പോകുന്നത്. സന്തോഷ് കീഴാറ്റൂര്‍, പാര്‍വതി മാല, ജോയ് മാത്യു, കലിംഗ ശശി, കണ്‍മണി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

വിജേഷ് വിശ്വമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രമേഷ് നാരായണനാണ് സംഗീത സംവിധാനം.

 പാതിക്ക് പുറമെ രണ്ട് ഇന്ത്യന്‍ ചിത്രങ്ങളും മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. അശ്വത്ഥാമാ, പഡായി എന്നിവയാണ് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.