സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിക്കെതിരെ ഭീഷണികള്‍ ഉയരുന്ന സാഹചര്യത്തില്‍ ദീപികാ പദുകോണിനും രണ്‍വീര്‍ സിംഗിനും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഡിസംബര്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയ്ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് മഹാരാഷട്ര സര്‍ക്കാര്‍ വ്യക്തമാക്കി. 

 രജപുത്ര ചരിത്രത്തിലെ ധീരവനിതയായ പത്മാവതിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് സിനിമയെന്ന് ആരോപിച്ചാണ് ചില സംഘടനകള്‍ രംഗത്ത് വന്നത്. അതേസമയം സിനിമയുടെ റിലീസ് വൈകുമെന്നും സൂചനയുണ്ട്. സെന്‍സറിംഗിന് അച്ച ചിത്രം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ തിരിച്ചയച്ചു. അപേക്ഷ പൂര്‍ണമായില്ലെന്ന് ചൂണ്ടികാട്ടിയാണ് വീണ്ടും സെന്‍സറിംഗ് വിധേയമാക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയില്‍ പത്മാവതിയായി അഭിനയിച്ചാല്‍ ദീപികയുടെ മൂക്ക് ചെത്തുമെന്ന് രജപുത്രയുട സംഘടനയായ കര്‍ണിസേന പ്രഖ്യാപിച്ചിരുന്നു. ദീപികയുടെയും ബന്‍സാലിയുടെയും തലയറുക്കുന്നവര്‍ക്ക് അഞ്ചുതകോടി രൂപ നല്‍കുമന്ന് ഉത്തര്‍പ്രദേശിലെ ഠാക്കൂര്‍ നേതാവ് പ്രഖ്യാപിച്ചിരുന്നു. പല സ്ഥലങ്ങളില്‍ നിന്നും സിനിമയ്‌ക്കെതിരേ പ്രതിഷേധമുയരുന്നുണ്ട്. സിനിമ പ്രദര്‍ശനത്തിന് എത്തുന്ന ദിവസം ഭാരത് ബന്ദ് ആചരിക്കാനാണ് കര്‍ണി സേനയുടെ ആഹ്വാനം. 

അലാവുദ്ദീന്‍ ഖില്‍ജി 1303 ല്‍ രാജസ്ഥാനിലെ ചിത്തോര്‍ കോട്ട കീഴടക്കിയതിന്റെ കഥയാണ് ബന്‍സാലി ചിത്രത്തിലൂടെ പറയുന്നത്. റാണാ റാവല്‍സിംഗിന്റെ ഭാര്യയായിരുന്ന റാണി പത്മാവതിയും ഖില്‍ജിയും തമ്മിലുള്ള പ്രണയ രംഗങ്ങളും ഗാനരംഗങ്ങളും സിനിമയിലുണ്ടെന്നും അത് ചരിത്രത്തെ വളച്ചൊടിക്കുമെന്നാണ് ആരോപണം. അതേസമയം സിനിമാ പ്രവര്‍ത്തകര്‍ ഇക്കാര്യം നിഷേധിച്ചു.190 കോടി രൂപ ചെല വിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.