തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററില്‍ ചെരുപ്പ് കൊണ്ട് അടിക്കുകയും തുപ്പുകയും ചെയ്ത യുവാവിന് ആരാധകരുടെ ക്രൂരമര്‍ദനം. സംഭവത്തിന്റെ വീഡിയോ ആരാധകര്‍ നവ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

പവന്‍ കല്യാണിന്റെ പുതിയ ചിത്രമായ 'അജ്ഞാതവാസി'യുടെ പോസ്റ്ററില്‍ യുവാവ് ചെരുപ്പുകൊണ്ട് അടിക്കുകയും തുപ്പുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ആരാധകരെ പ്രകോപിപ്പിച്ചത്. 'ഇതൊരു സിനിമയാണോ? എനിക്ക് എന്റെ പണം നഷ്ടമായി. ഈ ചിത്രം വന്‍ പരാജയമാണ്.' എന്നെല്ലാം പറഞ്ഞ് വിമര്‍ശിക്കുന്ന വീഡിയോ യുവാവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഈ വീഡിയോ പുറത്തുവന്നതിനു പിന്നാലെ ആരാധകര്‍ യുവാവിനെ നടുറോഡില്‍ കൈകാര്യം ചെയ്യുകയായിരുന്നു. മര്‍ദ്ദനത്തിന്റെ വീഡിയോ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ അപകടകരമായ നിലയിലേക്കാണ് അന്ധമായ താരാരാധനയെ കൊണ്ടെത്തിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു. പവന്‍ കല്യാണിന്റെ ചിത്രത്തിന് മൂന്ന് സ്റ്റാര്‍ റേറ്റിങ് നല്‍കിയ തെലുങ്ക് ചാനലിലെ അവതാരകനെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആരാധകര്‍ മര്‍ദ്ദിച്ചിരുന്നു.