അയാളെ അണ്ണാ എന്ന് വിളിച്ചതില്‍ ഖേദിക്കുന്നു; ചെരുപ്പ് ഊരി മുഖത്തടിച്ച് ശ്രീ റെഡ്ഡി

ഹൈദരാബാദ്: ടോളീവുഡില്‍ വലിയ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ച വെളിപ്പെടുത്തലുമായിട്ടായിരുന്നു നടി ശ്രീ റെഡ്ഡി രംഗത്തെത്തിയത്. മീ ടു കാംപയിന്‍റെ ഭാഗമായി തെലുങ്ക് സിനിമാ മേഖലയെ പിടിച്ചുലച്ച കാസ്റ്റിങ് കോച്ച് വെളിപ്പെടുത്തലായിരുന്നു ശ്രീ നടത്തിയത്. തന്നെ പലരും ലൈംഗികമായി ചൂഷണം ചെയ്തെന്നും അവസരങ്ങള്‍ നിഷേധിച്ചെന്നുമടക്കമുള്ള ആരോപണങ്ങളായിരുന്നു ശ്രീ റെഡ്ഡി ഉന്നയിച്ചത്. തുടര്‍ന്ന് ശ്രീ റെഡ്ഡി ഫിലിം ചേംബറിന്‍റെ മുന്നില്‍ തുണിയൂരി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ ഇതിനെതിരെ തെലുങ്ക് താരവും എംഎല്‍എയുമായ പവന്‍ കല്യാണ്‍ രംഗത്തെത്തി. ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ അത് നിയമപരമായാണ് മുന്നോട്ടുപോകേണ്ടതെന്ന് പവന്‍ പറഞ്ഞു. മാധ്യമങ്ങളോടല്ല പരാതി പറയേണ്ടതെന്നും പവന്‍ പറ‍ഞ്ഞു. ശ്രീയുടെ വെളിപ്പെടുത്തല്‍ തെലുങ്ക് സിനിമയെ അപമാനിക്കാന്‍ ലക്ഷ്യം വച്ചുള്ളതാണെന്നും പവന്‍ കുറ്റപ്പെടുത്തി.

ഈ പ്രസ്താവനയ്ക്കെതിരെയാണ് ശ്രീ റെഡ്ഡി രംഗത്തെത്തിയത്. പവന്‍ കല്യാണിന്‍റെ അണ്ണാ എന്ന് വിളിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നുവെന്ന് ശ്രീ റെഡ്ഡി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറ‍ഞ്ഞു. കാലില്‍ നിന്ന് ചെരുപ്പെടുത്ത് സ്വന്തം മുഖത്തടിച്ചായിരുന്നു ശ്രീ രെഡ്ഡിയുടെ വൈകാരികമായ പ്രതികരണം.

സംഭവത്തില്‍ നടിക്കെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണയുമായി പവന്‍ കല്യാണിന്‍റെ ആരാധകര്‍ രംഗത്തെത്തി. നടി പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ആരാധാകര്‍ സോഷ്യല്‍ മീഡിയയിലും മറ്റും ഭീഷണി മുഴക്കുന്നു. വിഷയത്തില്‍ പവന്‍ കല്യാണും ഇടപെട്ടതോടെ തെലുങ്ക് സിനിമാ മേഖലയെ ഒന്നടങ്കം പിടിച്ചു കുലുക്കിയ വെളിപ്പെടുത്തല്‍ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.