പ്രളയത്തില്‍ അകപ്പെട്ട കേരളത്തിന് സഹായം നല്‍കുന്നവര്‍ പ്രശസ്തി ലക്ഷ്യമാക്കിയാണ് അത് ചെയ്യുന്നതെന്നും അവര്‍ കുറിച്ചു.
സമാനതകളില്ലാത്ത പ്രളയത്തിലൂടെ കേരളത്തിന് കടന്നുപോകേണ്ടിവന്നതിന് പിന്നില്‍ ദൈവകോപമാണെന്ന് ബോളിവുഡ് നടിയും മോഡലുമായ പായല്‍ രൊഹാത്ഗി. ഗോമാംസം നിരോധിക്കാതെ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് ദൈവം കൊടുത്ത ശിക്ഷയാണ് പ്രളയമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ പരിസാഹരൂപേണയുള്ള നിരവധി ചോദ്യങ്ങളാണ് ഈ പോസ്റ്റിന് താഴെ പായലിനെ തേടിയെത്തിയത്.
ബീഫ് നിരോധിക്കാത്തതാണ് കാരണമെങ്കില്‍ ഇതേ 'വിധി'യാവുമല്ലോ ഗോവയെയും കാത്തിരിക്കുന്നതെന്നായിരുന്നു ഒരു കമന്‍റ്. ലോകത്തില്‍ ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമായതിനാല്‍ ഇന്ത്യയെ മൊത്തത്തിലും ദൈവത്തിന് ശിക്ഷിക്കേണ്ടതായി വരുമെന്നും ഇത് എങ്ങനെയാവുമെന്നുമായിരുന്നു മറ്റൊരു കമന്‍റ്. സോയബീന്‍ കറി കൂട്ടുന്നത് കണ്ട് ബീഫ് ആണെന്ന് ദൈവം തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഉത്തരാഖണ്ഡില്‍ പ്രളയം സംഭവിച്ചതെന്ന് മറ്റൊരു ട്രോള്‍. ഇപ്പോള്‍ സിനിമകളില്ലാത്തിനാല്‍ ശ്രദ്ധ പിടിച്ചുപറ്റാനായുള്ള ശ്രമമാണ് പായല്‍ രോഹത്ഗിയുടേതെന്നും നിരവധി പേര്‍ ട്വീറ്റിന് താഴെ അഭിപ്രായപ്പെട്ടു.
'കേരളത്തിലെ പ്രളയം വിഭജനത്തോളം വലിയ ദുരന്തമാണെ'ന്നുള്ള തലക്കെട്ടില്‍ ഒരു പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും പായല്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. 1947ലെ വിഭജനത്തില്‍ വീടടക്കം നഷ്ടപ്പെട്ടിട്ടും എനിക്കോ എന്‍റെ കുടുംബത്തിനോ സഹായമൊന്നും ലഭിച്ചില്ലെന്നായിരുന്നു ഒപ്പമുള്ള കുറിപ്പ്. പ്രളയത്തില്‍ അകപ്പെട്ട കേരളത്തിന് സഹായം നല്‍കുന്നവര്‍ പ്രശസ്തി ലക്ഷ്യമാക്കിയാണ് അത് ചെയ്യുന്നതെന്നും അവര്‍ കുറിച്ചു. കത്വ കൂട്ടബലാല്‍സംഗത്തില്‍ 'മതം കലര്‍ത്തിയതി'നെ അനുകൂലിച്ചവര്‍ കേരളത്തിന്‍റെ പ്രളയത്തില്‍ താന്‍ മതപരമായ കാരണം പറയുമ്പോള്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നുവെന്നാണ് പായല്‍ രോഹത്ഗിയുടെ മറ്റൊരു ട്വീറ്റ്.
അഭിപ്രായപ്രകടനം വാര്‍ത്തയായതിന് പിന്നാലെ ലഘുവിശദീകരണവുമായും അവര്‍ രംഗത്തെത്തി. ദൈവം ഒന്നാണെന്നും ഒരു മതത്തിന്‍റെയും വിശ്വാസത്തെ മുറിവേല്‍പ്പിക്കരുതെന്നാണ് താന്‍ പറഞ്ഞതെന്നും പായല്‍ കുറിച്ചു. താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും. ചെക്കുമായി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തില്ല എന്നതിനര്‍ഥം കേരളത്തിന് താന്‍ സഹായമൊന്നും നല്‍കിയിട്ടല്ല എന്നല്ലെന്നും.
വിവാദപരാമര്‍ശത്തിലൂടെ മുന്‍പും ശ്രദ്ധാകേന്ദ്രമായിട്ടുണ്ട് പായല്‍ രോഹത്ഗി. 2017ല്‍ മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്ര മുടങ്ങിയതിന് ശേഷമായിരുന്നു വിവാദ പരാമര്‍ശം. സമയത്തുതന്നെ താന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നുവെന്നും എന്നാല്‍ വിമാനക്കമ്പനി ഉദ്യേഗസ്ഥര്‍ മുസ്ലിങ്ങളായതിനാല്‍ ഹിന്ദുവായ തന്നെ തടയുകയായിരുന്നുവെന്നുമായിരുന്നു അവരുടെ അഭിപ്രായപ്രകടനം. ഇതും സോഷ്യല്‍ മീഡിയയില്‍ വ്യാപക എതിര്‍പ്പിന് കാരണമായിരുന്നു.
