പേളിയുമായുള്ള തര്‍ക്കത്തെക്കുറിച്ച് സംസാരിക്കാന്‍ എത്തിയവരോട് പേളിയുടെ പെരുമാറ്റം തനിക്ക് പലപ്പോഴും വിഷമമാവുന്നുണ്ടെന്നായിരുന്നു അരിസ്റ്റോ സുരേഷിന്‍റെ പ്രതികരണം.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ അരിസ്റ്റോ സുരേഷും പേളിയും തമ്മില്‍ ഭക്ഷണത്തെച്ചൊല്ലി തിങ്കളാഴ്ച എപ്പിസോഡില്‍ ആരംഭിച്ച തര്‍ക്കം ഇന്നും തുടര്‍ന്നു. അടുക്കളയില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് പേളി കുറേനേരം പുറത്തുപോയിരുന്നു. പേളിയെ ആശ്വസിപ്പിക്കാന്‍ ശ്രീനിഷും ഷിയാസുമാണ് എത്തിയതെങ്കില്‍ അതിഥിയും സാബുവുമാണ് അരിസ്റ്റോ സുരേഷിനോട് ഇതേക്കുറിച്ച് സംസാരിച്ചത്.

മട്ടണ്‍ ഉണ്ടാക്കിയതിനെച്ചൊല്ലിയുള്ള ദേഷ്യമാണ് സുരേഷേട്ടന്‍ ഇപ്പോഴും തന്നോട് കാണിക്കുന്നതെന്നും അടുക്കളയിലേക്ക് ഇനി തന്നെ കയറ്റില്ലെന്നാണ് പറയുന്നതെന്നും ശ്രീനിഷിനോടും ഷിയാസിനോടും പേളി പറഞ്ഞു. എല്ലാവര്‍ക്കുമായി മട്ടണ്‍ ശരിയാക്കുമ്പോള്‍ സുരേഷേട്ടന് മാത്രം ചെമ്മീന്‍ മതിയെന്ന് പറഞ്ഞെന്നും അതാണ് വഴക്കിന് കാരണമെന്നും പേളി പറഞ്ഞു. പേളി സംസാരിക്കാന്‍ വരുന്നത് ഇഷ്ടമല്ലെന്ന് സുരേഷ് തന്നോട് പറഞ്ഞെന്ന് ഷിയാസ് പേളിയോട് പറഞ്ഞു. ഇനി അടുക്കളയിലേക്ക് കയറില്ലെന്നാണ് തീരുമാനമെന്ന് ഇരുവരോടും പേളി പറഞ്ഞു.

പേളിയുമായുള്ള തര്‍ക്കത്തെക്കുറിച്ച് സംസാരിക്കാന്‍ എത്തിയവരോട് പേളിയുടെ പെരുമാറ്റം തനിക്ക് പലപ്പോഴും വിഷമമാവുന്നുണ്ടെന്നായിരുന്നു അരിസ്റ്റോ സുരേഷിന്‍റെ പ്രതികരണം. താന്‍ എപ്പോഴും മട്ടണ്‍ കഴിക്കുന്ന ആളല്ലെന്നും അങ്ങനെയുള്ള തന്നോട് ആ ഭക്ഷണം കഴിക്കണമെന്ന് നിര്‍ബന്ധിച്ചത് ഇഷ്ടപ്പെട്ടില്ലെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു. ഇനി ആറ് ദിവസം കൂടിയല്ലേ ഉള്ളുവെന്നും അതിനാല്‍ വഴക്കൊന്നും ഇനി പാടില്ലെന്നുമായിരുന്നു സുരേഷിനോട് അതിഥി റായ്ക്ക് പറയാന്‍ ഉണ്ടായിരുന്നത്.