പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കാത്തിരിപ്പുള്ള മമ്മൂട്ടി ചിത്രം 'പേരന്‍പി'ന്റെ റിലീസിന് ഇനി ഒരാഴ്ച മാത്രം. സവിശേഷ സാഹചര്യത്തില്‍ ജീവിക്കേണ്ടിവരുന്ന അച്ഛന്റെയും കൗമാരക്കാരിയായ മകളുടെയും കഥ പറയുന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തെത്തി. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചിത്രീകരണത്തെക്കുറിച്ചും മമ്മൂട്ടിയുമായുള്ള വര്‍ക്കിംഗ് എക്‌സ്പീരിയന്‍സിനെക്കുറിച്ചുമൊക്കെ സംവിധായകന്‍ റാം പറയുന്നുണ്ട്.

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. അമുദന്‍ എന്ന കഥാപാത്രം ഒരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറാണ്. മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി സാധനയാണ് എത്തുന്നത്. കട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെ ഒരുക്കിയ റാമാണ് ചിത്രത്തിന്റെ സംവിധാനം. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന സിനിമയുടെ ഇന്ത്യന്‍ പ്രീമിയര്‍ ഗോവ ചലച്ചിത്രമേളയിലായിരുന്നു. രണ്ട് വേദികളിലും വലിയ സ്വീകാര്യത ലഭിച്ച ചിത്രം ഫെബ്രുവരി ഒന്നിന് ലോകമെമ്പാടും തീയേറ്ററുകളിലെത്തും.