'ഇന്ത്യന്‍ സിനിമകളിലെ ആക്ഷന്‍ രംഗങ്ങളുടെ നിലവാരക്കുറവിനെക്കുറിച്ച് അവര്‍ പരാതിപ്പെട്ടിരുന്നു' 'ഒടിയന്‍ ഇതുവരെയുള്ളതില്‍ എന്റെ മികച്ച വര്‍ക്ക്‌'

തന്റെ കരിയറില്‍ ഇതുവരെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ച ചിത്രങ്ങളില്‍ ഏറ്റവും മികച്ചതാവും മോഹന്‍ലാല്‍-വി.എ.ശ്രീകുമാര്‍ മേനോന്‍ ടീമിന്റെ 'ഒടിയനെ'ന്ന് പീറ്റര്‍ ഹെയ്ന്‍. ഷങ്കറിന്റെ 'അന്യന്‍', രാജമൗലിയുടെ 'ബാഹുബലി' തുടങ്ങി കേരളത്തിലും വന്‍വിജയങ്ങള്‍ നേടിയ അന്യഭാഷാ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും പീറ്റര്‍ ഹെയ്ന്‍ സാമാന്യ മലയാളി സിനിമാപ്രേമിയുടെ ശ്രദ്ധയില്‍പ്പെടുന്നത് 'പുലിമുരുകനി'ലൂടെയാണ്. എന്നാല്‍ അതിലും മികച്ചതാവും 'ഒടിയനി'ലെ തന്റെ വര്‍ക്കെന്ന് പറയുന്നു ഹെയ്ന്‍. പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റചിത്രം 'ആദി'യുടെ നൂറാം വിജയാഘോഷച്ചടങ്ങില്‍ പങ്കെടുക്കവെയാണ് പീറ്റര്‍ ഹെയ്ന്‍ 'ഒടിയനെ'ക്കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവച്ചത്.

'ഇതുവരെയുള്ള എല്ലാ സിനിമകളിലും നന്നായി കഷ്ടപ്പെട്ടുതന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഹൃദയം കൊണ്ടാണ് ജോലി ചെയ്തിട്ടുള്ളത്. എന്നാല്‍ അതിലൊക്കെ മികച്ചതാവും 'ഒടിയന്‍'. ഇതിനുവേണ്ടി മറ്റ് സിനിമകളേക്കാള്‍ കൂടുതല്‍ സമയം നീക്കിവച്ചിരുന്നു. ത്രില്ലിംഗും വ്യത്യസ്തവുമാണ് 'ഒടിയനി'ലെ ആക്ഷന്‍ സീക്വന്‍സുകള്‍', പീറ്റര്‍ ഹെയ്ന്‍ പറയുന്നു.

ഹോളിവുഡ് ചിത്രം റസിഡന്റ് ഈവിളിന്റെ അവസാനഭാഗത്തിനായി അണിയറപ്രവര്‍ത്തകര്‍ പീറ്റര്‍ ഹെയ്‌നിനെ സമീപിച്ചിരുന്നു. ഇന്ത്യന്‍ സിനിമകളില്‍ നിലവാരമുള്ള ആക്ഷന്‍ സീക്വന്‍സുകള്‍ കാണാനാവുന്നില്ലെന്ന് അവര്‍ പരാതി പറഞ്ഞതായും പീറ്റര്‍ ഹെയ്ന്‍ സദസ്സിനോട് പറഞ്ഞു. 'എന്നാല്‍ അവരുടെ ആരോപണത്തിനുള്ള മറുപടിയാവും ഒടിയന്‍', പീറ്റര്‍ ഹെയ്ന്‍ പറഞ്ഞവസാനിപ്പിച്ചു.

പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരാണ് നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷാജികുമാറിന്റേതാണ് ക്യാമറ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു.