ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാർ ലൗ' എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിനെതിരെ വീണ്ടും പ്രതിഷേധമുയരുകയാണ്.
ദില്ലി: 'മാണിക്യ മലരായ പൂവി' എന്ന ഗാനം ചിത്രത്തിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ വീണ്ടും അപേക്ഷ. ഗാനത്തിലെ രംഗങ്ങൾ മുസ്ലിങ്ങളെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദ് സ്വദേശികളായ മുഖിത് ഖാൻ, സഹീർ അലി ഖാൻ എന്നിവർ സുപ്രീം കോടതിയെ സമീപിച്ചത്.
ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാർ ലൗ' എന്ന ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിനെതിരെ വീണ്ടും പ്രതിഷേധമുയരുകയാണ്. ചിത്രത്തിൽ നിന്നും ഗാനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് സ്വദേശികളായ മുഖിത് ഖാൻ, സഹീർ ഉദ്ദീൻ അലി ഖാൻ എന്നിവർ സുപ്രീം കോടതിയെ സമീപിച്ചു. ഗാനരംഗങ്ങൾ മുസ്ലിം സമുദായത്തിലുള്ളവരെ അപകീർത്തിപ്പെടുത്തുന്നതാണെന്നും മത വികാരം വൃണപ്പെടുത്തുന്നുവെന്നും അപേക്ഷയിൽ പറയുന്നു. പ്രിയ പ്രകാശ് വാര്യർ സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിൽ കക്ഷി ചേരാൻ നൽകിയ അപേക്ഷയിലാണ് ഇരുവരും ഇക്കാര്യം ഉന്നയിച്ചരിക്കുന്നത്. യൂട്യൂബിൽ നിന്ന് ഗാനരംഗങ്ങൾ നീക്കാൻ നിർദ്ദേശിക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയണമെന്നും അപേക്ഷയിലുണ്ട്.
ഗാനം ഹിന്ദുമത വിശ്വാസികളുടെയും വികാരം വൃണപ്പെടുത്തിയെന്ന് അപേക്ഷയിൽ പറയുന്നു. മഹാരാഷ്ട്രയിലെ ജനജാഗരൺ സമിതി ഗാനരംഗങ്ങൾക്കെതിരെ കേസ് നൽകിയിട്ടുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരായ കേസുകൾക്കെതിരെ പ്രിയ പ്രകാശ് വാര്യർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ ഗാനത്തിന്റെ പേരിൽ രാജ്യത്തൊരിടത്തും കേസ് രജിസ്റ്റർ ചെയ്യരുതെന്ന് നിർദ്ദേശിക്കുകയും കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
