ഹൈദരാബാദ്: ഹ്രസ്വചിത്ര സംവിധായകനെ മര്‍ദ്ദിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. മാധാപൂര്‍ മേഖലയുടെ ചുമതലയുള്ള അഡീഷനല്‍ ഡെപ്യൂട്ടി കമ്മീഷണര്‍. കെ. ഗംഗാ റെഡ്ഡി, ഹ്രസ്വചിത്ര സംവിധായകനെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.

 ഒരു നടിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകനെ വിളിപ്പിക്കുകയായിരുന്നു. പോലീസുകാര്‍ക്ക് മുന്നിലും ഇയാള്‍ നടിയെ അധിക്ഷേപിച്ചെന്നും തുടര്‍ന്നാണ് ഗംഗാറെഡ്ഡി മര്‍ദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്. അതേസമയം ആരാണ് വീഡിയോ പകര്‍ത്തിയതെന്ന് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയാണെന്ന് കമ്മീഷണര്‍ സന്ദീപ് ശാന്തില്യ പറഞ്ഞു.