പാലക്കാട്: നടി മഞ്ജുവാര്യര്‍ നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍റെ  വീട്ടിലും ഓഫീസിലും അന്വേഷണസംഘം റെയ്ഡ് നടത്തി. ശ്രീകുമാര്‍ മേനോന്‍റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ശ്രീകുമാര്‍ മേനോനെ അടുത്ത ഞായറാഴ്ചയും ചോദ്യം ചെയ്യും എന്നാണ് വിവരം. 

നേരത്തെ ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ നടി മഞ്ജുവാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. മഞ്ജുവാര്യര്‍ നല്‍കിയ പരാതിയിൽ മഞ്ജു വാര്യരുടെയും ഒടിയൻ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ സജി, നിർമാതാവ് ആന്‍റണി പെരുമ്പാവൂര്‍ എന്നിവരുടെയും മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. 

ശ്രീകുമാർ മേനോനില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നുമായിരുന്നു മഞ്ജുവിന്‍റെ പരാതി.  മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ബിഗ് ബജറ്റ് സിനിമയില്‍  മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ  നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയില്‍ മഞ്ജു ആരോപിച്ചു.