മഞ്ചേരി: പൂമരത്തിന്‍റെ റിലീസ് തിയതി സൂചന നല്‍കി കാളിദാസ് ജയറാം. മഞ്ചേരി എന്‍എസ്എസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല സീസോണ്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ സംസാരിക്കുമ്പോഴാണ് തന്‍റെ കാത്തിരിപ്പിന് വിരാമമാകുകയാണെന്ന് കാളിദാസ് പ്രഖ്യാപിച്ചത്. കലോത്സവത്തില്‍ മുഖ്യാതിഥി ആയിട്ടായിരുന്നു കാളിദാസ് പങ്കെടുത്തത്.

മാര്‍ച്ച് ആദ്യവാരം ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് കാളിദാസ് പറഞ്ഞത്. കഴിഞ്ഞ ദിവസം പൂമരം റിലീസ് സംബന്ധിച്ച ട്രോളുകള്‍ക്ക് മറുപടി നല്‍കവെ ചിത്രം ഉടന്‍ എത്തുമെന്ന സൂചന കാളിദാസ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ചിത്രത്തിന്റെ സംഗീതവുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗോപീ സുന്ദറിനൊപ്പം കാളിദാസും ഏബ്രിഡ് ഷൈനും നില്‍ക്കുന്ന ചിത്രം പുറത്തുവന്നത്. 

ചിത്രത്തിന്റെ അവസാന മിനുക്കു പണികള്‍ നടക്കുന്നുവെന്ന സൂചനയായിരുന്നു ഇവയെല്ലാം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്.