ബജറ്റില്‍ കോടിക്കണക്കുകള്‍ കാണിച്ച് ബ്രഹ്മാണ്ഡചിത്രങ്ങള്‍ വാര്‍ത്തകളില്‍ ഇടംനേടുമ്പോള്‍. ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചലച്ചിത്രം ഇനി മലയാളത്തില്‍നിന്ന്! സുഹൃത്തുക്കളുടെ കുഞ്ഞുസഹായങ്ങള്‍ സ്വരുക്കൂട്ടി പ്ലാന്‍ ബി ഇന്‍ഫോടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ വെറും ഇരുപത്തയ്യായിരം രൂപയ്ക്കാണ് സംവിധായകന്‍ ബിലഹരിയും സംഘവും പോരാട്ടം എന്ന ചലച്ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പുറത്തിറങ്ങി.

അതീവരഹസ്യമായി ഒരു ഉള്‍നാടന്‍ ഗ്രാമത്തിനുള്ളില്‍ 15 ദിവസം കൊണ്ട് ഷൂട്ട്‌ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഒരു വാര്‍ത്തയും ചിത്രീകരണവേളയില്‍ പുറത്തുവിട്ടിരുന്നില്ല. ദിവസവും വൈകീട്ട് ആറര വരെമാത്രം നീണ്ട ഷൂട്ടിങ്ങിന് ലൊക്കേഷനായത് ബിലഹരിയുടെയടക്കം, അയല്‍ക്കാരുടെയും ബന്ധുക്കളുടെയും വീടുകളായിരുന്നു. ബാലതാരമായി സിനിമാ-ടെലിവിഷന്‍ രംഗത്ത് ശ്രദ്ധിക്കപ്പെട്ട ശാലിന്‍ സോയ ആദ്യമായി നായികയാവുന്ന മലയാളചിത്രം എന്നതൊഴിച്ചാല്‍ പരമാവധി പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മറ്റൊരു പ്രധാനകഥാപാത്രത്തെ നവജിത് നാരായണന്‍ എന്ന തീയറ്റര്‍ ആര്‍ട്ടിസ്റ്റ് അവതരിപ്പിച്ചപ്പോള്‍ ബാക്കി കഥാപാത്രങ്ങളെയെല്ലാംതന്നെ അവതരിപ്പിച്ചത് സംവിധായകന്‍റെയും ക്യാമറാമാന്‍റെയും രക്ഷിതാക്കളും, ബന്ധുക്കളും, സുഹൃത്തുക്കളുമാണ്. പ്ലാന്‍ ബി ഇന്‍ഫോടെയിന്‍മെന്റ്സിന്റെ സ്ഥാപകസംഘത്തിലൊരാളായ വിനീത് വാസുദേവ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

സാങ്കേതികവിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച മറ്റെല്ലാവരുംതന്നെ ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തിനൊപ്പം സഹകരിച്ചത്. സിനിമ സ്വപ്നം കാണുന്ന സുഹൃത്തുക്കളുടെ ഊര്‍ജമാണ് ഇത്തരമൊരു പ്രയത്നത്തിന് ഏറെ ശക്തി നല്‍കിയത് എന്ന് സംവിധായകന്‍ അഭിപ്രായപ്പെട്ടു. മൂത്തോൻ , മോഹൻലാൽ , ആഭാസം തുടങ്ങിയ സിനിമകളുടെ ശ്രദ്ധേയമായ പോസ്റ്റർ ചെയ്ത ആർട്ടിസ്റ്റ് പവിശങ്കർ ആണ് പോരാട്ടത്തിന്റെ ഈ പോസ്റ്ററിനും പിന്നിൽ.