കൊച്ചി: ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന പോരാട്ടം ടീം ചലച്ചിത്ര മോഹികള്‍ക്ക് പുതിയ അവസരം തുറന്നിടുന്നു. സിനിമ സ്വപ്നം കാണുന്നവർക്ക് , സിനിമയിലിറങ്ങി പ്രവർത്തിക്കാൻ കാത്തിരിക്കുന്നവർക്ക് ആദ്യ അവസരം നല്‍കാനാണ് പോരാട്ടം ടീം ഇക്കുറിയെത്തുന്നത്.
പണത്തിന്‍റെ ധാരാളിത്തമില്ലാതെ ശൂന്യതയിൽ നിന്ന് നല്ല രീതിയില്‍ ദൃശ്യഭാഷ ഉണ്ടാക്കാൻ നിങ്ങൾ റെഡിയാണോ എങ്കിൽ സംഗീത സംവിധായകൻ മുജീബ് മജീദ് ചെയ്ത ഇംഗ്ലീഷ് ഗാനം നിങ്ങൾക്ക് സിനിമാ താരം ശാലീൻ സോയയെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിക്കാം. ആസിഫ് അലിയുടെ പുതിയ ചിത്രം മന്ദാരത്തിന്റെ കൂടി സംഗീത സംവിധായകനാണ് ആണ് മുജീബ്. നിങ്ങൾ നിങ്ങളുടെ മുൻകാല വർക്കുകൾ പോരാട്ടത്തിന്‍റെ ഒഫീഷ്യൽ പേജിലേക്ക് ഒരു മെസേജ് ചെയ്‌താൽ മാത്രം മതി. തിരഞ്ഞെടുക്കപ്പെട്ടാൽ അവസരം നിങ്ങളുടേതാണ്.
ബിലഹരി സംവിധാനം ചെയ്യുന്ന സിനിമയാണ് പോരാട്ടം. ബാലതാരമായി സിനിമാ-ടെലിവിഷന്‍ രംഗത്ത് ശ്രദ്ധിക്കപ്പെട്ട ശാലിന്‍ സോയയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുഹൃത്തുക്കളുടെ കുഞ്ഞുസഹായങ്ങള്‍ സ്വരുക്കൂട്ടി പ്ലാന്‍ ബി ഇന്‍ഫോടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ വെറും ഇരുപത്തയ്യായിരം രൂപയ്ക്കാണ് സംവിധായകന്‍ ബിലഹരിയും സംഘവും പോരാട്ടം എന്ന ചലച്ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ദിവസവും വൈകീട്ട് ആറര വരെമാത്രം നീണ്ട ഷൂട്ടിങ്ങിന് ലൊക്കേഷനായത് ബിലഹരിയുടെയടക്കം, അയല്‍ക്കാരുടെയും ബന്ധുക്കളുടെയും വീടുകളായിരുന്നു. ശാലിന്‍ സോയ ഒഴിച്ചാല്‍ മിക്കവരും പുതുമുഖങ്ങളാണ്. മറ്റൊരു പ്രധാനകഥാപാത്രത്തെ നവജിത് നാരായണന്‍ എന്ന തീയറ്റര്‍ ആര്‍ട്ടിസ്റ്റ് അവതരിപ്പിച്ചപ്പോള്‍ ബാക്കി കഥാപാത്രങ്ങളെയെല്ലാംതന്നെ അവതരിപ്പിച്ചത് സംവിധായകന്‍റെയും ക്യാമറാമാന്‍റെയും രക്ഷിതാക്കളും, ബന്ധുക്കളും, സുഹൃത്തുക്കളുമാണ്. പ്ലാന്‍ ബി ഇന്‍ഫോടെയിന്‍മെന്റ്സിന്റെ സ്ഥാപകസംഘത്തിലൊരാളായ വിനീത് വാസുദേവ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
ചലച്ചിത്രമേളകളില്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന ചിത്രം ചര്‍ച്ചചെയ്യുന്നത് സാമൂഹ്യപ്രസക്തിയുള്ള സുപ്രധാനമായ ചില വിഷയങ്ങളാണ്. ചലച്ചിത്രനടിയ്ക്കും, കാമുകന്റെ പ്രണയം നിഷേധിച്ചതിന് പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ എറണാകുളം ഹോസ്പിറ്റലിലെ നഴ്സിനുമടക്കം നേരിടേണ്ടിവന്ന, സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ നിരവധി വിഷയങ്ങളില്‍ അധികരിച്ചാണ് 'പോരാട്ടം' തയ്യാറായിരിക്കുന്നത്. തിരക്കഥയില്ലാതെ ലൊക്കേഷനില്‍ കഥാപാത്രങ്ങളിലൂടെ കഥയുടെ തുടര്‍ച്ച പൂരിപ്പിക്കുന്ന ഉപായമാണ് പോരാട്ടത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അവലംബിച്ചത്. നിരവധി പരസ്യ ചിത്രങ്ങള്‍ക്കുവേണ്ടി ക്യാമറ ചലിപ്പിച്ച ശ്രീരാജ് രവീന്ദ്രന്‍ ഛായാഗ്രഹണത്തോടൊപ്പം ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളുമാണ്. 4k നിലവാരത്തിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.
