ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിക്കെതിരെ വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ റിലീസ് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. ഇതുസംബന്ധിച്ച് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചു. ഏതെങ്കിലും സമുദായത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ഒഴിവാകാകന്‍ സിനിമയില്‍ ചില മാറ്റങ്ങള്‍ വരുത്തന്നത് വരെ റിലീസ് മാറ്റിവയ്ക്കണമെന്നാണ് വസുന്ധര രാജെയുടെ ആവശ്യം.

സിനിമയും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ച ചെയ്യാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. വിദ്വേഷം പരത്തുന്ന കാര്യങ്ങളില്‍ ഭേദഗതി വരുത്തണം. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് ഇക്കാര്യങ്ങളൊക്കെ ചിന്തിക്കണമെന്നും വസുന്ധര രാജെ ആവശ്യപ്പെട്ടു. ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

രജപുത്ര ചരിത്രത്തിലെ ധീരവനിതയായ പത്മാവതിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് സിനിമയെന്ന് ആരോപിച്ചാണ് ചില സംഘടനകള്‍ രംഗത്ത് വന്നത്. അതേസമയം സിനിമയുടെ റിലീസ് വൈകുമെന്നും സൂചനയുണ്ട്. സെന്‍സറിംഗിന് അച്ച ചിത്രം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ തിരിച്ചയച്ചു. അപേക്ഷ പൂര്‍ണമായില്ലെന്ന് ചൂണ്ടികാട്ടിയാണ് വീണ്ടും സെന്‍സറിംഗ് വിധേയമാക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയില്‍ പത്മാവതിയായി അഭിനയിച്ചാല്‍ ദീപികയുടെ മൂക്ക് ചെത്തുമെന്ന് രജപുത്രയുട സംഘടനയായ കര്‍ണിസേന പ്രഖ്യാപിച്ചിരുന്നു. ദീപികയുടെയും ബന്‍സാലിയുടെയും തലയറുക്കുന്നവര്‍ക്ക് അഞ്ചുതകോടി രൂപ നല്‍കുമന്ന് ഉത്തര്‍പ്രദേശിലെ ഠാക്കൂര്‍ നേതാവ് പ്രഖ്യാപിച്ചിരുന്നു. പല സ്ഥലങ്ങളില്‍ നിന്നും സിനിമയ്‌ക്കെതിരേ പ്രതിഷേധമുയരുന്നുണ്ട്. സിനിമ പ്രദര്‍ശനത്തിന് എത്തുന്ന ദിവസം ഭാരത് ബന്ദ് ആചരിക്കാനാണ് കര്‍ണി സേനയുടെ ആഹ്വാനം.