ബാഹുബലി നായകന്‍ പ്രഭാസ് ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോ‍ര്‍ട്ടുകള്‍. രാജമൗലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ പ്രഭാസ് നായകനാകുമെന്നാണ് സൂചന.

ബാഹുബലി എന്ന ഒറ്റചിത്രത്തിലൂടെ പ്രശസ്തിയുടെ പടവുകള്‍ കയറിയ പ്രഭാസ്. തെലുങ്ക് യുവതാരത്തിന്റെ അഭിനയജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു രാജമൗലി ചിത്രം. വിവാഹം പോലും മാറ്റിവച്ച്, വേറെ ഒരു സിനിമയും കരാര്‍ ചെയ്യാതെ, ബാഹുബലിക്കായി പ്രഭാസ് അഞ്ച് വര്‍ഷം വിയര്‍പ്പൊഴുക്കി, 37കാരന്റെ ആത്മസമര്‍പ്പണത്തിനും അധ്വാനത്തിനും സംവിധായകന്‍ രാജമൗലി നല്‍കാന്‍ പോകുന്നപ്രതിഫലം തന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രത്തിലേക്കുള്ള അവസരം ആണെന്നാണ് സൂചന. ബാഹുബലി രണ്ടാം ഭാഗം റിലീസ് ചെയ്യാനൊരുങ്ങുമ്പോഴാണ് പുതിയ വാര്‍ത്തയും എത്തുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ താരമൂല്യം കുതിച്ചുയര്‍ന്ന പ്രഭാസിന് ഇന്ന് ബോളിവുഡിലും വന്‍ ഡിമാന്റാണ്. പ്രഭാസിനെ നായകനാക്കി സിനിമ നിര്‍മ്മിക്കാന്‍ കരണ്‍ ജോഹറിനെ പ്രേരിപ്പിച്ചതും അതുതന്നെ. ബാഹുബലി പോലെ വിവിധ ഭാഷകളിളിലായി ഒരുക്കുന്ന ചിത്രം. 200 കോടിക്കടുത്ത് ബജറ്റ്. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.അഭ്യൂഹങ്ങള്‍ ശക്തമാകുമ്പോഴുംമൗനം പാലിക്കുകയാണ് കരണും രാജമൗലിയും പ്രഭാസും. അടുത്തിടെ മുംബൈയില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ ഇതേകുറിച്ച് ചോദിച്ചപ്പോള്‍, മറ്റൊരവസരത്തില്‍ പറയാമെന്നായിരുന്നു പ്രഭാസിന്റെ പ്രതികരണം. ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ് എല്ലാവരും.