മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിനെ നായകനാക്കി സിനിമ ഒരുക്കാന്‍ കൊതിക്കാത്ത സംവിധായകര്‍‌ ഇന്ത്യയിലുണ്ടാകില്ല. ഇന്ത്യയിലെ ബ്രഹ്‍മാണ്ഡ സിനിമയായ ബാഹുബലിയുടെ സംവിധായകന്‍ രാജമൗലി പോലും മോഹന്‍ലാലിനെ നായകനാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. തമിഴ് നടനും സംവിധായകനുമായ പ്രഭുദേവയ്‍ക്കും വ്യത്യസ്ത അഭിപ്രായമില്ല. താന്‍ ഒരു മലയാള സിനിമ സംവിധാനം ചെയ്യുന്നുവെങ്കില്‍ അതില്‍ നായകന്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്ന് പ്രഭുദേവയും പറയുന്നു. മോഹന്‍ലാല്‍ ആണ് തനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട മലയാള നടനെന്നും പ്രഭുദേവ പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനു നല്‍കിയ അഭിമുഖത്തിലാണ് പ്രഭുദേവ ഇക്കാര്യം പറഞ്ഞത്.

എന്റെ കഴിവുകൊണ്ട് മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനാകുമോ എന്ന് അറിയില്ല. എന്നാല്‍ എപ്പോഴെങ്കിലും മലയാളത്തില്‍ ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ നായകന്‍ മോഹന്‍ലാല്‍ ആയിരിക്കും - സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനു നല്‍കിയ അഭിമുഖത്തില്‍ പ്രഭുദേവ പറയുന്നു.