പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായ ആദി പ്രേക്ഷക ഹൃദയം കീഴടക്കി തിയേറ്ററുകളില്‍ മുന്നേറുകയാണ്. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി താരം നിറഞ്ഞാടി. ഒരു സംഗീത സംവിധായകനാകാന്‍ കൊതിക്കുന്ന കഥാപാത്രമായാണ് താരം സിനിമയില്‍ എത്തിയത്.
ചിത്രത്തിലെ ജിപ്‌സി വുമണ്‍ എന്ന ഇംഗ്ലീഷ് ഗാനം പ്രണവ് എഴുതി പാടിയതാണ്. പ്രണവ് ഗിത്താര്‍ വായിക്കുന്ന പാട്ട് പ്രേക്ഷകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തതാണ്. ഇതിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ പ്രണവ് ഗിത്താര്‍ വായിക്കുന്ന മറ്റൊരു വീഡിയോ കൂടി പുറത്തിറങ്ങിയിരിക്കുകയാണ്.
ഇംഗ്ലിഷ് ഗാനത്തിനു സംഗീതം പകർന്നത് അനിൽ ജോൺസൺ ആണ്. പാട്ടിന്റെ ഈണം ചിട്ടപ്പെടുത്തുന്നതിലും പ്രണവ് പങ്കാളിയായി. അതുപോലെ ഗാനത്തിൽ നിറഞ്ഞു നിൽക്കുന്ന ഗിത്താർ പ്രണവും സന്ദീപ് മോഹനും ചേർന്നാണു വായിച്ചത്.
പ്രണവ് തന്നെയാണ് ഇങ്ങനെയൊരു ഗാനം എഴുതാനും പാടാനും താൽപര്യമുണ്ടെന്നു ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫിനെ അറിയിച്ചത്. പ്രണവിന്റെ ആഗ്രഹത്തിനു ജീത്തുവും പിന്തുണ നൽകിയതോടെ നല്ലൊരു പാട്ട് ചിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. അതേ ഗാനം തന്നെയാണ് പ്രണവ് ഗിത്താര്‍ വായിച്ച് വീണ്ടും പാടിയിരിക്കുന്നത്.
