ഭാഷയുടെയോ സംസ്‌കാരത്തിന്റെയോ അതിരുകള്‍ ഭേദിക്കുന്ന സിനിമകള്‍ മലയാളത്തില്‍ നിര്‍മ്മിക്കണമെന്നാണ് തന്റെ സ്വപ്‌നമെന്ന് പൃഥ്വിരാജ്. ജെന്യൂസ് മുഹമ്മദിന്റെ '9' എന്ന സിനിമയില്‍ താന്‍ അവതരിപ്പിക്കുന്ന ആല്‍ബര്‍ട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞുള്ള പൃഥ്വിയുടെ വോയ്‌സ് ഓവര്‍. എത്തരത്തിലുള്ള സിനിമകള്‍ മലയാളത്തില്‍ നിര്‍മ്മിക്കപ്പെടണമെന്നാണ് തന്റെ സ്വപ്‌നമെന്ന് പറയുന്നു പൃഥ്വി.

'മലയാള സിനിമയ്ക്ക് ശരിക്കും അതിരുകള്‍ ഭേദിക്കണമെങ്കില്‍, മലയാള ഭാഷയെക്കുറിച്ചോ നമ്മുടെ സിനിമയെക്കുറിച്ചോ അറിയാത്ത പ്രേക്ഷകസമൂഹത്തിലേക്കും കടന്നുചെല്ലുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി നിര്‍മ്മിക്കണം. ഭാഷയുടെയോ സംസ്‌കാരത്തിന്റെയോ സൗന്ദര്യാഭിരുചിയുടെയോ അതിരുകള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുന്ന അത്തരം സിനിമകള്‍ കേരളത്തില്‍, മലയാളത്തില്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയുമാണ് സ്വപ്‌നം', പൃഥ്വിരാജ് വ്യക്തമാക്കുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും സംയുക്തമായി നിര്‍മ്മിക്കുന്ന '9' ജെന്യൂസ് മുഹമ്മദിന്റെ രണ്ടാം ചിത്രമാണ്. ദുല്‍ഖര്‍ നായകനായ 100 ഡെയ്‌സ് ഓഫ് ലവ് ആയിരുന്നു ആദ്യ ചിത്രം. സയന്‍സ് ഫിക്ഷന്‍ ചിത്രമായ 9ന്റെ രചനയും സംവിധായകന്റേത് തന്നെയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഈ മാസം 9ന് പുറത്തെത്തും.