Asianet News MalayalamAsianet News Malayalam

'മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫോണ്‍കോള്‍, വിവേക് ഒബ്റോയ് അതാ ലൊക്കേഷനില്‍!'

'ടിയാന്‍റെ സമയത്ത് ഹൈദരാബാദില്‍ വച്ച് ലൂസിഫറിന്‍റെ ആദ്യ ആലോചനകള്‍ നടക്കുമ്പോള്‍ത്തന്നെ വിവേക് ഞങ്ങളുടെ മനസിലുണ്ടായിരുന്നു. ഞാനും മുരളിയും അന്ന് സംസാരിച്ചത് ഓര്‍ക്കുന്നു.'

prithviraj about the casting of vivek oberoi in lucifer
Author
Thiruvananthapuram, First Published Oct 6, 2018, 7:46 PM IST

ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യുന്നതിന്‍റെ ആവേശത്തിലാണ് പൃഥ്വിരാജ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച്, മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ വന്‍ താരനിരയും അണിനിരക്കുന്നുണ്ട്. വിവേക് ഒബ്റോയ് ആണ് അക്കൂട്ടത്തില്‍ ഏറ്റവും കൌതുകമുണര്‍ത്തുന്ന ഒരു സ്റ്റാര്‍ കാസ്റ്റ്. പ്രതിനായക വേഷമെന്നാണ് പുറത്ത് വാര്‍ത്ത വന്നതെങ്കിലും ആ കഥാപാത്രത്തെക്കുറിച്ച് പൂര്‍ണമായും അങ്ങനെ പറയാനാവില്ലെന്ന് പൃഥ്വിരാജ്.

"ലൂസിഫറിലെ ഒരു കഥാപാത്രത്തെയും പൂര്‍ണമായും കറുപ്പ് അല്ലെങ്കില്‍ വെളുപ്പ് എന്ന് പറയാനാകില്ല. എല്ലാ കഥാപാത്രങ്ങളും ആ രണ്ട് നിറങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്നവരാണെന്നാണ് എന്‍റെ വിശ്വാസം. അങ്ങനെയാണ് വിവേക് ഒബ്റോയ്‍യുടെ കഥാപാത്രവും."

കഥ ആലോചിച്ചപ്പോള്‍ത്തന്നെ മനസിലുണ്ടായിരുന്ന ആളാണ് വിവേക് എന്നും ഫോണിലൂടെയാണ് അദ്ദേഹത്തോട് കഥ പറഞ്ഞതെന്നും പൃഥ്വിരാജ്  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

"ടിയാന്‍റെ സമയത്ത് ഹൈദരാബാദില്‍ വച്ച് ലൂസിഫറിന്‍റെ ആദ്യ ആലോചനകള്‍ നടക്കുമ്പോള്‍ത്തന്നെ വിവേക് ഞങ്ങളുടെ മനസിലുണ്ടായിരുന്നു. ഞാനും മുരളിയും അന്ന് സംസാരിച്ചത് ഓര്‍ക്കുന്നു. വിവേക് ഒബ്റോയ്‍യുടെ ലുക്ക് ഉള്ള ഒരാള്‍ എന്നാണ് ഞങ്ങള്‍ ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. വിവേകിന് മലയാളസിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടാവുമോ എന്നൊന്നും അന്ന് അറിയില്ലായിരുന്നു. 

9 എന്ന സിനിമയുടെ ഷൂട്ടിംഗിനായി മണാലിയില്‍ ഉള്ളപ്പോഴാണ് വിവേകിനെ ഫോണില്‍ വിളിക്കുന്നത്. വളരെ താല്‍പര്യത്തോടെയാണ് അന്ന് പ്രതികരിച്ചത്. ഫോണിലൂടെയാണ് കഥ പറഞ്ഞത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നു ആ ഫോണ്‍കോളിന്. ഈ സിനിമയുടെ കഥ പറഞ്ഞ് ഫലിപ്പിക്കാന്‍ പ്രയാസമാണ്. അത് സിനിമ കാണുമ്പോള്‍ മനസിലാവും. പല ട്രാക്കുകളിലൂടെയൊക്കെ മുന്നോട്ടുപോകുന്ന കഥയാണ്. പക്ഷേ എനിക്ക് പറ്റുന്നത് പോലെ ഞാന്‍ കഥ പറഞ്ഞു. ഞാന്‍ പറഞ്ഞത് കൃത്യമായി അദ്ദേഹം മനസ്സിലാക്കിയതില്‍ സന്തോഷം തോന്നി. ആ ഫോണ്‍കോളില്‍ത്തന്നെ എന്നോട് അദ്ദേഹം പറഞ്ഞു, ഈ കഥാപാത്രവും സിനിമയും എന്തായാലും താന്‍ ചെയ്യുമെന്ന്. അവിടെനിന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ അത് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് വിവേകിനെ ഞാന്‍ കാണുന്നത് ലൂസിഫറിന്‍റെ സെറ്റിലാണ്, പൃഥ്വിരാജ് പറഞ്ഞവസാനിപ്പിക്കുന്നു."

Follow Us:
Download App:
  • android
  • ios