"മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളോട് ഉപേക്ഷ വിചാരിക്കുന്നയാളല്ല ഞാന്‍. ആമി എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തില്‍ ആറ് ദിവസമേ ഞാന്‍ പങ്കെടുത്തിട്ടുള്ളൂ."

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. പ്രോജക്ട് പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം അഭിനയിക്കുന്ന താരങ്ങള്‍ ആരൊക്കെയെന്ന ചര്‍ച്ചകളും അഭ്യൂഹങ്ങളും പ്രേക്ഷകര്‍ക്കടയില്‍ ഏറെ നടന്നിരുന്നു. ചിത്രീകരണം തുടങ്ങിയപ്പോഴേക്കും മുഴുവന്‍ താരനിരയെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തെത്തി. വിവേക് ഒബ്റോയ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, സച്ചിന്‍ കണ്ഡേക്കര്‍, സായ്‍കുമാര്‍, സംവിധായകന്‍ ഫാസില്‍ തുടങ്ങിയവര്‍ക്കൊപ്പം ടൊവീനോ തോമസും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചെറുതാണെങ്കിലും ലൂസിഫറിലെ കഥാപാത്രത്തെ സ്വീകരിക്കാനുള്ള കാരണത്തെക്കുറിച്ചും പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ചും സംസാരിക്കുന്നു ടൊവീനോ, ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍.

"മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളോട് ഉപേക്ഷ വിചാരിക്കുന്നയാളല്ല ഞാന്‍. ആമി എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തില്‍ ആറ് ദിവസമേ ഞാന്‍ പങ്കെടുത്തിട്ടുള്ളൂ. പക്ഷേ പ്രേക്ഷകരുടെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. മുഖ്യധാരാ സിനിമയുടെ ഭാഗമാവുമ്പോള്‍ പരമാവധി ആളുകള്‍ നമ്മുടെ സിനിമ കാണണമെന്ന് ആഗ്രഹിക്കുക സ്വാഭാവികം. ലൂസിഫറില്‍ ഒരു ചെറിയ വേഷമാണ് എനിക്ക് ലഭിച്ചത്. പക്ഷേ അതൊരു വലിയ ചിത്രമാണ്. ആ ഓഫര്‍ സ്വീകരിക്കാന്‍ എനിക്ക് ഒരു മടിയുമുണ്ടായില്ല." നായകനല്ലാതെയുള്ള സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ഒരു അഭിനേതാവ് എന്ന നിലയിലുള്ള പ്രായോഗിക പരിചയം വര്‍ധിക്കുന്നുണ്ടെന്നും ടൊവീനോ പറയുന്നു.

പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ചുള്ള ചോദ്യത്തിന് ടൊവീനോയുടെ മറുപടി ഇങ്ങനെ. "ഒരു നടനില്‍ നിന്നും സംവിധായകനിലേക്കുള്ള പൃഥ്വിയുടെ പരിവര്‍ത്തനം അത്ഭുതപ്പെടുത്തുന്നതായിരുന്നു. അനുഭവസമ്പത്തുള്ള ഒരു സംവിധായകനെപ്പോലെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. അത്രയും പ്ലാനിംഗ് ഉണ്ട്. എന്താണ് അദ്ദേഹം ചെയ്യുന്നതെന്ന് നല്ല ബോധ്യവുമുണ്ട്," ടൊവീനോ പറയുന്നു. സംവിധാനം ചെയ്യുക എന്ന സ്വപ്‍നം തനിക്കുമുണ്ടെന്നും എന്നാല്‍ ഗംഭീരസിനിമകള്‍ ചിലത് കാണുമ്പോള്‍ ഭയം തോന്നാറുണ്ടെന്നും ചോദ്യത്തിനുത്തരമായി പറയുന്നു ടൊവീനോ. "ഒരിക്കല്‍ അതിനുള്ള ധൈര്യമുണ്ടാകുമ്പോള്‍ ഒരു ശ്രമം നടത്തും", ടൊവീനോ പറഞ്ഞവസാനിപ്പിക്കുന്നു.