കുട്ടിക്കാനത്തായിരുന്നു ആദ്യ ഷെഡ്യൂള്‍ സോണി പിക്ചേഴ്സ് മലയാളത്തിലെത്തുന്ന ആദ്യ ചിത്രം

സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ പൃഥ്വിരാജ് ആദ്യമായി നിര്‍മ്മിക്കുന്ന 9ന്‍റെ ചിത്രീകരണം ഇപ്പോള്‍ ഹിമാലയത്തിലാണ് പുരോഗമിക്കുന്നത്. ഇടുക്കിയിലെ കുട്ടിക്കാനത്തെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പൃഥ്വിയും സംവിധായകന്‍ ജെനൂസ് മുഹമ്മദും സംഘവും ഹിമാലയത്തിലേക്ക് പോയത്. ചിത്രീകരണസ്ഥലത്തുനിന്നുള്ള ഒരു ചെറിയ അപ്ഡേഷന്‍ ഒരു ചിത്രത്തിലൂടെ പങ്കുവെക്കുകയാണ് പൃഥ്വി. "ഫോര്‍വീല്‍ ഡ്രൈവ് വിന്‍റേജ് ജീപ്പുകള്‍, ഒരു ടെന്‍റ്, പശ്ചാത്തലമായി ഹിമാലയവും! നിങ്ങളുടെ തിരശ്ശീല ജീവിതം ഒരു കെട്ടുകഥ പോലെ തോന്നുമ്പോള്‍", ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രത്തോടൊപ്പം പൃഥ്വി ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…

100 ഡെയ്സ് ഓഫ് ലവ്വിന് ശേഷം ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ലോകത്തിലെ തന്നെ പ്രധാന നിര്‍മ്മാണക്കമ്പനികളിലൊന്നായ സോണി പിക്ചേഴ്സ് മലയാളത്തിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേഴ്സും സംയുക്തമായാണ് നിര്‍മ്മാണം. സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍ ശാസ്ത്രജ്ഞന്‍റെ വേഷത്തിലാണ് പൃഥ്വി എത്തുക.

അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഷാന്‍ റഹ്മാന്‍. പശ്ചാത്തലസംഗീതം ശേഖര്‍ മേനോന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്.