Asianet News MalayalamAsianet News Malayalam

'ഒപ്പം നിന്ന ലാലേട്ടന്‍, അവിശ്വസിക്കാതിരുന്ന ആന്റണി പെരുമ്പാവൂര്‍'; പൃഥ്വിരാജ് അഭിമുഖം

'ലൂസിഫര്‍ ഒരു വലിയ സിനിമയാണ്. മുടക്കുമുതല്‍ കൂടുതലുള്ള സിനിമയാണ്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു സീന്‍ എടുക്കാന്‍ ഇത്ര രൂപ ആവുമെന്ന് പറയുമ്പോള്‍ ചില നിര്‍മ്മാതാക്കള്‍ മടിക്കും. അത് സ്വാഭാവികവുമാണ്. പക്ഷേ ആന്റണി പെരുമ്പാവൂര്‍ അങ്ങനെയായിരുന്നില്ല.'

prithviraj interview about 9 movie and lucifer
Author
Thiruvananthapuram, First Published Jan 29, 2019, 4:36 PM IST

സിനിമ എന്ന മാധ്യമത്തെ ഗൗരവത്തോടെ സമീപിക്കുന്ന നടന്‍ എന്ന ഇമേജ് പൃഥ്വിരാജിന് മുന്‍പേ ഉള്ളതാണ്. എന്നെങ്കിലുമൊരുനാള്‍ ഇയാള്‍ സംവിധായകനായേക്കുമെന്ന് പ്രതീക്ഷിച്ചവരുടെ കൂട്ടത്തില്‍ പ്രേക്ഷകരുമുണ്ടാവും. നടന്‍ എന്ന നിലയില്‍ 16 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ പൃഥ്വിരാജ് സംവിധായകനായി, മോഹന്‍ലാല്‍ നായകനാവുന്ന ലൂസിഫറിലൂടെ. ഇപ്പോള്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന സ്വന്തം നിര്‍മ്മാണക്കമ്പനിയുടെ ആദ്യ പ്രോജക്ടില്‍ നിര്‍മ്മാണ പങ്കാളിയാവുന്നത് സോണി പിക്‌ചേഴ്‌സ് എന്ന അന്തര്‍ദേശീയ പ്രശസ്തിയുള്ള പ്രൊഡക്ഷന്‍ ഹൗസ്. 9, ലൂസിഫര്‍ എന്നീ സിനിമകളെക്കുറിച്ചും മലയാളസിനിമയുടെ വളരുന്ന അതിരുകളെക്കുറിച്ചും പൃഥ്വിരാജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

എന്താണ് 9?

9 എന്ന സിനിമയെക്കുറിച്ച് ഒരു ഒറ്റ വരിയില്‍ അതിന്റെ കഥ പറഞ്ഞുതീര്‍ക്കാന്‍ പ്രയാസമാണ്. ഏതെങ്കിലും ഒരു ഘടകത്തിലേക്ക് മാത്രം ഫോക്കസ് ചെയ്യണമെങ്കില്‍ ഒരു അച്ഛന്റെയും മകന്റെയും കഥ എന്ന് പറയാം. സിനിമ കണ്ടപ്പോള്‍ എനിക്ക് അങ്ങനെയാണ് തോന്നിയത്. പക്ഷേ അതത്ര എളുപ്പത്തില്‍ പറഞ്ഞുതീര്‍ക്കാന്‍ പറ്റുന്ന കഥയല്ല. വലിയൊരു ഗ്ലോബല്‍ ഇവന്റിന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയാണ്. ഈ അച്ഛനും മകനുമിടയിലുള്ള ബന്ധവും കുറച്ച് അസാധാരണത്വം നിറഞ്ഞതാണ്. സയന്‍സ് ഫിക്ഷന്റെ ഘടകങ്ങളുണ്ട് ഈ സിനിമയില്‍. ഹൊറര്‍ സിനിമയുടെയും ത്രില്ലറിന്റെയും സ്വഭാവമുണ്ട്. എന്നാല്‍ വളരെ ഇമോഷണല്‍ ആയ ഒരു അച്ഛന്‍-മകന്‍ ബന്ധവുമുണ്ട്. മലയാളം ഇതിനുമുന്‍പ് കണ്ടുപരിചയിച്ച ഒരു സിനിമയാവില്ല 9. 

'ഈ ലോകത്തിനുമപ്പുറം' എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ഉള്ളടക്കത്തെക്കുറിച്ചാവും ആ വിശേഷണം. അതല്ലാതെ മലയാളത്തിന്റെ അതിരുകള്‍ ഭേദിക്കണമെന്ന ആഗ്രഹമുണ്ടോ ഈ പ്രോജക്ടിന് പിന്നില്‍?

എല്ലാ അഭിനേതാക്കള്‍ക്കും അങ്ങനെയൊരു ആഗ്രഹമുണ്ടാവും. ഞാനത് ഇടയ്ക്കിടെ പറയുന്നതുകൊണ്ട് എന്നിലേക്ക് മാത്രം അത് ഒതുക്കപ്പെടുന്നു എന്നേയുള്ളൂ. നമ്മള്‍ ചെയ്യുന്ന ഒരു വര്‍ക് ലോകം മുഴുവന്‍ കാണണമെന്ന ആഗ്രഹം ആര്‍ക്കാണ് ഇല്ലാത്തത്? മലയാളസിനിമയുടെ വളര്‍ച്ചയ്ക്ക് മുന്നിലുള്ള ഒരു പ്രധാന വെല്ലുവിളിയും അത് തന്നെയാണ്. കേരളം എന്ന ഒരു ചെറിയ പ്രദേശത്ത് നിലനില്‍ക്കുന്ന സിനിമാവ്യവസായമാണ് നമ്മുടേത്. പ്രവാസിസമൂഹത്തിന്റെ കാര്യമെടുത്താലും മറ്റ് സംസ്ഥാനങ്ങളുടേതിനേക്കാള്‍ എണ്ണത്തില്‍ കുറവായിരിക്കും മലയാളികള്‍. എന്നാല്‍ നമ്മുടെ സിനിമാമേഖല വളരെ പുരോഗമിച്ച ഒന്നാണ്. ഇവിടുത്തെ സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും നമ്മള്‍ പറയുന്ന ഉള്ളടക്കവുമൊക്കെ ലോകനിലവാരമുള്ള സിനിമകള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവയാണെന്ന് ഞാന്‍ കരുതുന്നു. അപ്പോള്‍, മലയാളസിനിമ ഇനി മുന്നോട്ട് വളരണമെങ്കില്‍ കേരളമെന്ന പ്രദേശത്തിന് പുറത്തേക്ക് നമ്മുടെ സിനിമ വളരണം. കാരണം ഇവിടെ നിന്നുള്ള ഒരു വളര്‍ച്ചയുടെ പരമാവധിയില്‍ ഇതിനകം എത്തിയിട്ടുണ്ട് നമ്മള്‍. ഇനിയും മുന്നോട്ട് പോകണമെങ്കില്‍ കേരളമെന്ന പ്രദേശത്തെക്കുറിച്ചോ നമ്മുടെ ഭാഷയെക്കുറിച്ചോ അറിയാത്തവര്‍ക്ക് മുന്നിലേക്ക് നമ്മുടെ സിനിമ എത്തണം. അവര്‍ക്ക് തിരിച്ചറിയാനാവുന്നതരം സിനിമകള്‍. 

ബാഹുബലിയും ഇപ്പോള്‍ കെജിഎഫുമൊക്കെയാണ് ഞാന്‍ ഇതിന് ഉദാഹരണങ്ങളായി പറയുക. ഭാഷയ്ക്കും സംസ്‌കാരത്തിനുമൊക്കെ അതീതമായി വളരുന്ന സിനിമകള്‍ക്ക് വലിയ ബജറ്റൊന്നും അനിവാര്യമല്ല. മറിച്ച് അവയുടെ ഉള്ളടക്കത്തിലാണ് കാര്യം. അത്തരത്തില്‍ ഒരു സിനിമയാവട്ടെ 9 എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

അന്തര്‍ദേശീയ പ്രശസ്തിയുള്ള സോണി പിക്‌ചേഴ്‌സാണ് സഹനിര്‍മ്മാണം. സോണി പോലെയൊരു കമ്പനിക്ക് എങ്ങനെയാണ് ഒരു മലയാളസിനിമയില്‍ താല്‍പര്യം തോന്നിയത്? 

അത് യാദൃശ്ചികമായി സംഭവിച്ചതാണ്. ഈ സിനിമയുടെ നിര്‍മ്മാണത്തെക്കുറിച്ച് ആദ്യം ചിന്തിച്ചപ്പോള്‍ ഒരു പാര്‍ട്‌നര്‍ഷിപ്പ് മനസ്സില്‍ ഇല്ലായിരുന്നു. യാദൃശ്ചികമായാണ് സോണി പിക്‌ചേഴ്‌സ് സിഇഒ വിവേക് കൃഷ്ണയെ മുംബൈയില്‍ വച്ച് കണ്ടത്. പ്രാദേശിക സിനിമയിലേക്ക് കടന്നുവരാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സഹനിര്‍മ്മാണത്തിനാണ് താല്‍പര്യമെന്നും അദ്ദേഹം അറിയിച്ചു. ഉടന്‍ ഞാന്‍ 9 എന്ന സിനിമയുടെ ആശയം പറഞ്ഞു. എനിക്കുണ്ടായിരുന്നതിനേക്കാള്‍ വലിയ ആവേശത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്. പിന്നീട് ജെനൂസിനെയും എന്നെയും മുംബൈയിലെ തന്നെ അവരുടെ ഓഫീസിലേക്ക് വിളിപ്പിച്ച് വിശദമായി കഥ കേട്ടു. ഞങ്ങള്‍ പ്രോജക്ട് പ്ലാന്‍ അവതരിപ്പിച്ചു. സോണി പിക്‌ചേഴ്‌സിനെ നിര്‍മ്മാണ പങ്കാളിയായി കിട്ടിയതില്‍ എനിക്ക് അഭിമാനമുണ്ട്. സോണിയുടെ പ്രാദേശികസിനിമയിലെ ആദ്യമുതല്‍മുടക്ക് മലയാളത്തിലാണ് എന്നത് നമ്മുടെ സിനിമാവ്യവസായത്തിനാകെ അഭിമാനിക്കാവുന്ന കാര്യമായാണ് എനിക്ക് തോന്നുന്നത്. സോണി പിക്‌ചേഴ്‌സിന്റെ ലോസ് ഏഞ്ചലസിലെ ഹെഡ് ഓഫീസില്‍ 9 എന്ന സിനിമയുടെ ഫസ്റ്റ് കോപ്പി അവര്‍ കണ്ടു. അവര്‍ ഇതിനുമുന്‍പ് ഒരു മലയാളസിനിമ കണ്ടിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. സിനിമ കണ്ട് നല്ല അഭിപ്രായമാണ് അവര്‍ പറഞ്ഞത്. ഈ ബജറ്റില്‍ ഇത്തരമൊരു സിനിമ ചെയ്തു എന്ന കാര്യത്തില്‍ അവര്‍ക്ക് മതിപ്പ് തോന്നിയിട്ടുണ്ട്. ആ മതിപ്പ് നമ്മുടെ ചലച്ചിത്ര വ്യവസായത്തോട് തന്നെയുള്ള ഒരു മതിപ്പാണ്.

വിഷ്വല്‍ നരേറ്റീവ് എന്നാല്‍ ഇന്ന് സിനിമ മാത്രമല്ല. നെറ്റ്ഫ്‌ളിക്‌സ് പോലെയുള്ള ഓണ്‍ലൈന്‍ സ്ട്രീംമിംഗ് പ്ലാറ്റ്‌ഫോമുകള്‍ വരുന്നു. വെബ് സിരീസുകളായ ബ്രേക്കിംഗ് ബാഡിനും നാര്‍കോസിനുമൊക്കെ ഇവിടെയും ആരാധകരുണ്ട്. മാറുന്ന ഈ കാലത്ത് സിനിമ എന്ന ദൃശ്യമാധ്യമം നേരിടുന്ന വെല്ലുവിളി എന്താണ്?

അതുകൊണ്ടുതന്നെയാണ് ഞാന്‍ ഒരു ബിഗ് സ്‌ക്രീന്‍ എക്‌സ്പീരിയന്‍സിന്റെ വലിയ ആരാധകനാവുന്നത്. ഞാന്‍ റിയലിസ്റ്റിക് സിനിമകളുടെ വലിയ ആരാധകനാണ്. അതേസമയം ഭാവിയിലേക്ക് ഉറ്റുനോക്കുമ്പോള്‍ സിനിമാ തീയേറ്ററുകളിലേക്ക് ആളുകള്‍ വരണമെങ്കില്‍ ടിവിയില്‍ കാണാന്‍ സാധിക്കാത്ത ഒരു എക്‌സ്പീരിയന്‍സ് അവര്‍ക്ക് വലിയ സ്‌ക്രീനില്‍ ലഭിക്കണം. അതല്ലെങ്കില്‍ പുതിയ സിനിമകള്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യപ്പെടുന്ന ഒരു കാലം ഒട്ടും വിദൂരമല്ല. 9 എന്ന സിനിമയ്ക്ക് എനിയ്ക്ക് ഒരു ഓഫര്‍ ഉണ്ടായിരുന്നു. അത് ഏത് പ്ലാറ്റ്‌ഫോം ആണെന്ന് ഞാന്‍ പറയുന്നില്ല. തീയേറ്റര്‍ റിലീസ് ഒഴിവാക്കി തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ പ്രീമിയര്‍ ചെയ്യാമെങ്കില്‍ ഒരു വലിയ തുക തരാമെന്നാണ് അവര്‍ പറഞ്ഞത്. സിനിമയുടെ മുതല്‍മുടക്കും ലാഭവും എല്ലാം ചേര്‍ത്തൊരു തുകയാണ് അവര്‍ പറഞ്ഞത്. പക്ഷേ ആ ഓഫര്‍ ഞാന്‍ തള്ളിക്കളഞ്ഞു. കാരണം തീയേറ്ററില്‍ റിലീസ് ചെയ്യുക എന്ന ഉദ്ദേശത്തിലാണല്ലോ നമ്മള്‍ സിനിമ എടുത്തിരിക്കുന്നത്. പക്ഷേ അത്തരമൊരു കാലം ഒട്ടും വിദൂരമല്ല. വരുംകാലത്ത് സിനിമയില്‍ ബിഗ് സ്‌ക്രീന്‍ മുന്നില്‍ക്കണ്ടുള്ള കഥപറച്ചില്‍ ആവുമെന്നാണ് എന്റെ വിശ്വാസം. അവിടെയാണ് ക്രിസ്റ്റഫര്‍ നോളനെപ്പോലെയുള്ള സംവിധായകര്‍ ഭയങ്കരമായി വിജയിക്കുന്നത്. ഫിലിമില്‍ ഷൂട്ട് ചെയ്യണമെന്നും അത് ബിഗ് സ്‌ക്രീനില്‍ കണ്ട് അനുഭവിക്കണമെന്നും അവരൊക്കെ പറയുന്നതിന്റെ പിന്നിലുള്ള ദീര്‍ഘവീക്ഷണം ഇതാണെന്നാണ് ഞാന്‍ കരുതുന്നത്. 

നാര്‍കോസിന്റെ കാര്യം വിടൂ. ഇന്ത്യന്‍ സിരീസ് ആയ സേക്രഡ് ഗെയിംസിന്റെ ഒരു എപ്പിസോഡിന്റെ ബജറ്റ് ഒരു മലയാളസിനിമയുടേതിനേക്കാള്‍ കൂടുതലാണ്. അത് ഇനിയും വര്‍ധിക്കും. കാരണം ആ സിരീസുകളൊക്കെ വിജയങ്ങളാണ്. അടുത്തകാലത്ത് ഹിന്ദിയില്‍ വരാനിരിക്കുന്ന ഒരു സിരീസിന്റെ കഥ ഞാന്‍ വായിച്ചിരുന്നു. അതിന്റെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു ക്ഷണം. എനിക്കത് ചെയ്യാന്‍ കഴിയില്ല. കാരണം ആടുജീവിതത്തിന്റെ ഡേറ്റുമായി ക്ലാഷ് ആവും. ഞെട്ടിക്കുന്ന ബജറ്റാണ് ആ സിരീസിന്റേതും. അപ്പോള്‍ മുന്നിലുള്ള കാലത്ത് സിനിമയ്ക്ക് വലിയ ഭീഷണിയാവും വെബ് സിരീസുകള്‍. ഗെയിം ഓഫ് ത്രോണ്‍സ് പോലെ ഒരു സിരീസ് എടുക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 1000 കോടി രൂപയെങ്കിലും വേണം. സിരീസുകള്‍ ഉയര്‍ത്തുന്ന ഭീഷണിയെ അതിജീവിക്കണമെങ്കില്‍ സിനിമകള്‍ ശരിക്കും ബിഗ് സ്‌ക്രീന്‍ എക്‌സ്പീരിയന്‍സുകളായി മാറണം.

പ്രേക്ഷകര്‍ക്ക് ഈ ബിഗ് സ്‌ക്രീന്‍ അനുഭവം പകരാന്‍ ഉയര്‍ന്ന ബജറ്റ് ഒരു തടസ്സമാവില്ല എന്നാണോ?

അതെ. ബജറ്റ് ഒരു തടസ്സമല്ല. ഒരു ഉദാഹരണം പറയാം. പാരാനോര്‍മല്‍ ആക്ടിവിറ്റി എന്ന സിനിമ. ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ഹൊറര്‍ സിനിമയാണത്. അതിന് ഒരു ചെറിയ മലയാളസിനിമയുടെ പകുതി ബജറ്റേ ഉള്ളൂ. അപ്പോള്‍ ബജറ്റിലല്ല കാര്യം. മറിച്ച് ഉള്ളടക്കത്തിലും സമീപനത്തിലും കഥപറച്ചില്‍ രീതിയിലുമാണ്.

ഒരു വശത്ത് സമകാലിക മലയാളസിനിമ കൂടുതല്‍ പ്രാദേശികതയിലേക്ക് നീങ്ങുന്നുണ്ട്?

അതുകൊണ്ട് ഒട്ടും ദോഷമില്ല. അങ്കമാലി ഡയറീസോ മഹേഷിന്റെ പ്രതികാരമോ സിറ്റി ഓഫ് ഗോഡോ ഒക്കെ അന്തര്‍ദേശീയ ശ്രദ്ധ ലഭിക്കാന്‍ സാധ്യതയുള്ള സിനിമകളാണ്, അവ ആ തരത്തില്‍ എത്തിക്കപ്പെട്ടാല്‍. 

9ന് ശേഷം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന സിനിമകളുണ്ടോ, പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍?

ഉവ്വ്. അടുത്തതായി നിര്‍മ്മിക്കാന്‍ ഞങ്ങളുടെ മനസ്സിലുള്ള ഒരു സിനിമ സച്ചി തിരക്കഥയെഴുതി, ജീന്‍ പോള്‍ സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമ്മൂടും ഞാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ചിത്രമാണ്.

ആദ്യമായി സംവിധായകനാവുകയാണ് ലൂസിഫറിലൂടെ. എന്തായിരുന്നു ലൂസിഫര്‍ നല്‍കിയ അനുഭവം? ആറ് മാസത്തോളം നീണ്ട ചിത്രീകരണഘട്ടം അവസാനിച്ചിരിക്കുകയാണ്?

ആറ് മാസം പല ഷെഡ്യൂളുകളിലായിട്ടായിരുന്നു ചിത്രീകരണം. പ്രളയം പോലെ അപ്രതീക്ഷിത തടസ്സങ്ങള്‍ ഇടയ്ക്ക് നേരിട്ടിരുന്നു. പക്ഷേ ഞങ്ങള്‍ നേരത്തേ നിശ്ചയിച്ചിരുന്ന ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ പറ്റി. അത് എന്റെ ക്രെഡിറ്റ് അല്ല. ഷൂട്ടിംഗ് കൃത്യമായി നടപ്പാക്കിയതിന് പിന്നില്‍ ഒരു ടീം ആയിരുന്നു. എന്റെ കാഴ്ചപ്പാടില്‍ പൂര്‍ണ വിശ്വാസമുള്ള, ഞാന്‍ എന്ത് പറഞ്ഞാലും കൂടെ നില്‍ക്കുന്ന ഒരു നിര്‍മ്മാതാവ് എനിക്കുണ്ടായിരുന്നു. ലൂസിഫര്‍ ഒരു വലിയ സിനിമയാണ്. മുടക്കുമുതല്‍ കൂടുതലുള്ള സിനിമയാണ്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു സീന്‍ എടുക്കാന്‍ ഇത്ര രൂപ ആവുമെന്ന് പറയുമ്പോള്‍ ചില നിര്‍മ്മാതാക്കള്‍ മടിക്കും. അത് സ്വാഭാവികവുമാണ്. പക്ഷേ ആന്റണി പെരുമ്പാവൂര്‍ അങ്ങനെയായിരുന്നില്ല. എന്റെ മനസ്സില്‍ എന്താണോ അത് നടപ്പിലാക്കാനാണ് അദ്ദേഹം എപ്പോഴും പറഞ്ഞത്. അതുപോലെ എന്റെ സിനിമ എന്റെ കാഴ്ചപ്പാട് അനുസരിച്ച് തന്നെ ചിത്രീകരിക്കണമെന്ന് വാശിയുള്ള ഒരു നായകനടനും എന്നോടൊപ്പം നിന്നു. എന്തുകൊണ്ടും ഭാഗ്യം ചെയ്ത ഒരു പുതുമുഖ സംവിധായകനാണ് ഞാന്‍.

ഇനി പോസ്റ്റ് പ്രൊഡക്ഷനാണ്. ലൂസിഫറിന്റെ ചിത്രീകരണഘട്ടം സംതൃപ്തി നല്‍കുന്നതാണോ? മനസ്സില്‍ കണ്ടത് നടപ്പാക്കാന്‍ പറ്റിയോ?

അത് സാധിച്ചു. ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് ഷോട്ട് പറയാനേ പറ്റൂ. മൂവായിരം പേര്‍ നില്‍ക്കണമെന്നും അതിന്റെ പിന്നിലൂടെ പത്ത് പൊലീസ് വണ്ടികള്‍ വരണമെന്നും ആ വാഹനങ്ങള്‍ വരുമ്പോള്‍ അവിടെ പതാകയുടെ റെഫറന്‍സ് വേണമെന്നുമൊക്കെ എനിക്ക് ആവശ്യപ്പെടാനേ പറ്റൂ. അത് നടപ്പാക്കിയെടുക്കുക എന്നത് ഒരു ടീമിന്റെ ജോലിയാണ്. ശരിക്കും ഒരു ചെറിയ ടീമായിരുന്നു എന്റേത്. ആറേഴ് പേരേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അവര്‍ കാര്യങ്ങള്‍ ഭംഗിയായി നടപ്പാക്കിയെടുത്തു. ഇതൊക്കെ എന്റെ മനസിലുള്ള ധാരണകളാണ്. നാളെ സിനിമ ഇറങ്ങിയിട്ട് പ്രേക്ഷകര്‍ക്ക് അത് ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. 

"

പുതിയ പ്രോജക്ടുകളൊക്കെ ലൂസിഫര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയായിട്ടേ ഉള്ളോ?

പോസ്റ്റ് പ്രൊഡക്ഷന്‍ നേരത്തേ തുടങ്ങിയിരുന്നു. ഏറ്റവുമൊടുവില്‍ പൂര്‍ത്തിയായത് നാല് ദിവസത്തെ ഒരു ചെറിയ ഷെഡ്യൂളാണ്. നേരത്തേ പൂര്‍ത്തിയായ ഒരു റഷ്യന്‍ ഷെഡ്യൂള്‍ ഉണ്ടായിരുന്നു. അത് കഴിഞ്ഞതിന് പിന്നാലെ പോസ്റ്റ് പ്രൊഡക്ഷനും തുടങ്ങിയിരുന്നു. 

ഈ മാസം അവസാനം ഞാന്‍ ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂളിന് വേണ്ടി പോകും. ഈ വര്‍ഷം പല ഷെഡ്യൂളുകളിലായി ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ഉണ്ട്. അതിനിടയില്‍ എനിയ്ക്ക് ചെയ്യാന്‍ കഴിയുന്ന സിനിമകള്‍ക്ക് ചില പരിമിതികളുണ്ട്. അക്കൂട്ടത്തില്‍ ആദ്യം ചെയ്യുന്നത് കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ എന്ന സിനിമയാണ്. 

Follow Us:
Download App:
  • android
  • ios