നടിമാര്‍ രാജിവച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്​ 'അമ്മ'യില്‍ നിന്ന് രാജിവച്ച നടിമാര്‍ക്കൊപ്പമെന്ന്  പൃഥ്വി

താരസംഘടനയായ 'അമ്മ'യില്‍നിന്ന് നടിമാര്‍ രാജിവച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. 'അമ്മ'യില്‍ നിന്ന് രാജിവച്ച നടിമാര്‍ക്കൊപ്പമെന്ന് പൃഥ്വിരാജ് പറഞ്ഞു.

അവരുടെ തീരുമാനത്തെയും ധൈര്യത്തെയും അംഗീകരിക്കുന്നു. തനിക്ക് പറയാനുള്ളത് പറയേണ്ടിടത്ത് പറയേണ്ടസമയത്ത് പറയും. ഇംഗ്ലീഷ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. 

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി കുറ്റ വിചാരണ നേരിടുന്ന ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സംഘടനയില്‍നിന്ന് നാല് നടിമാരാണ് രാജി വച്ചത്. ആക്രമണത്തെ അതിജീവിച്ച നടിയും ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവരുമാണ് രാജി വച്ചത്.

ഇവരെ പിന്തുണച്ച് രാഷ്ട്രീയ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ രംഗത്തെത്തുമ്പോഴും അമ്മ സംഘടനയുടെ ഭാരവാഹികള്‍ മൗനത്തിലാണ്. അതേസമയം, ഇടതുപക്ഷ ജനപ്രതിനിധികളായ മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ പ്രതികരിക്കാത്തതിനെതിരെ മുന്നണിയല്‍തന്നെ ശബ്ദം ഉയരുന്നുണ്ട്. ഇരുവരും പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.