ഒരൊറ്റ കണ്ണിറുക്കൽകൊണ്ട് പ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാർ ലൗവിലെ "മാണിക്യ മലരായ പൂവി" എന്ന ഗാനത്തിലെ കണ്ണിറുക്കൽ രം​ഗത്തിലൂടെയാണ് പ്രിയ ശ്രദ്ധ പിടിച്ചുപറ്റിയത്. അഭിനയിച്ച ചിത്രങ്ങളൊന്നുംതന്നെ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെങ്കിലും ദിനംപ്രതി വാർത്തകളിൽ ഇടംനേടുകയാണ് താരം.

തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ തന്റെ വിഖ്യാത ഐറ്റമായ കണ്ണിറുക്കിയുള്ള ഗൺ ഷോട്ടിലൂടെ വീഴ്ത്തുന്ന പ്രിയയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഹൈദരാബാദിൽ വെച്ച് നടന്ന ‘ഒരു അഡാര്‍ ലൗവിന്റെ’ തെലുങ്കു പതിപ്പായ ‘ലൗവേഴ്‌സ് ഡേ’യുട ഓഡിയോ റിലീസ് പരിപാടിയ്ക്ക് ഇടയിലായിരുന്നു രസകരമായ സംഭവം നടന്നത്.

അല്ലു അർജുനൻ ആയിരുന്നു പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയത്. അല്ലു അർജുന് നേരെ പ്രിയ ഗൺ ഷോട്ട് പ്രയോഗിക്കുന്ന വീഡിയോയും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്.  

പ്രിയ വാര്യരുടെ ബോളിവുഡിലെ അരങ്ങേറ്റ് ചിത്രമാണ് 'ശ്രീദേവി ബംഗ്ലാവ്'. റിലീസിന് മുൻപ് വിവാദത്തിൽ അകപ്പെട്ട ചിത്രത്തിന്റെ സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂർ വക്കീൽ നോട്ടീസ് അയച്ചിരുന്നു.