സംവിധായകന്‍ ഒമര്‍ ലുലുവും നായിക പ്രിയ വാര്യരും ചേര്‍ന്ന് നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി തെലങ്കാന പൊലീസിന്റെ എഫ്‌ഐആര്‍ ഇന്ന് റദ്ദാക്കിയിരുന്നു. റദ്ദാക്കിയെന്ന് മാത്രമല്ല രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവും നടത്തി കോടതി.
'മാണിക്യമലരായ പൂവി' എന്ന ഗാനത്തിലൂടെ റിലീസിന് മുന്‍പേ വന്‍ പ്രേക്ഷകസ്വീകാര്യത ലഭിച്ച സിനിമയാണ് ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലവ്. ഗാനത്തിന്റെ സ്വാധീനം വര്‍ധിച്ചതിനൊപ്പം അതില്‍ അഭിനയിച്ച പ്രിയ പ്രകാശ് വാര്യരും താരപദവിയിലേക്ക് ഉയര്‍ന്നു. എന്നാല്‍ പ്രവാചക ജീവിതം ആസ്പദമാക്കി രചിക്കപ്പെട്ട ഗാനം ഹിറ്റായതിനൊപ്പം ചില വിവാദങ്ങളും തലപൊക്കിയിരുന്നു. അതിലൊന്നായിരുന്നു ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍. എന്നാല്‍ സംവിധായകന്‍ ഒമര്‍ ലുലുവും നായിക പ്രിയ വാര്യരും ചേര്‍ന്ന് നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി തെലങ്കാന പൊലീസിന്റെ എഫ്‌ഐആര്‍ ഇന്ന് റദ്ദാക്കിയിരുന്നു. റദ്ദാക്കിയെന്ന് മാത്രമല്ല രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവും നടത്തി കോടതി. കോടതിവിധി വന്നപ്പോള്‍ എന്തുതോന്നി? പ്രിയ വാര്യര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നു.
സുപ്രീം കോടതി വിധിയില്‍ വലിയ സന്തോഷമെന്ന് പറയുന്നു പ്രിയ വാര്യര്‍. "പ്രേക്ഷകര്‍ക്കിടയില്‍ ഇത്രയും സ്വാധീനമുണ്ടാക്കിയ ഒരു ഗാനത്തിനെതിരേ മതവികാരം വ്രണപ്പെടുത്തി എന്ന തരത്തില്‍ ഒരു കേസ് വന്നപ്പോള്‍ ശരിക്കും വിഷമം തോന്നിയിരുന്നു. സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ ഇതില്‍ പോസിറ്റീവ് ആയ ഒരു പ്രതികരണം പ്രതീക്ഷിച്ചിരുന്നു. അങ്ങനെതന്നെ സംഭവിച്ചതില്‍ സന്തോഷം." പാട്ട് പുറത്തിറങ്ങുന്ന സമയത്ത് ഇത്തരത്തില്‍ ആരെങ്കിലും പരാതി ഉയര്‍ത്തുമെന്നും പൊലീസിനെ സമീപിക്കുമെന്നും കരുതിയിരുന്നില്ലെന്നും പറയുന്നു പ്രിയ പ്രകാശ് വാര്യര്‍.
പാട്ട് വഴി പ്രേക്ഷകശ്രദ്ധയിലെത്തിയ സിനിമ എന്ന് തീയേറ്ററുകളിലെത്തുമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നും പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും പറയുന്നു പ്രിയ. പുതിയ സിനിമകള്‍ തീരുമാനിച്ചിട്ടില്ലെങ്കിലും ഏതാനും മുന്‍നിര ബ്രാന്റുകളുടെ പരസ്യചിത്രങ്ങളില്‍ പ്രിയ വാര്യര്‍ അഭിനയിച്ചിരുന്നു.
