ചെന്നൈ: സിനിമയിലെന്ന പോലെ ജീവിതത്തിലും സസ്‌പെന്‍സുകളെ പ്രണയിക്കുന്നയാളാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് സംവിധായകൻ പ്രിയദര്‍ശന്‍. മുട്ടൻ സസ്പെൻസുമായി അദ്ദേഹം ഫേസ്ബുക്കിൽ ഒരു പിറന്നാൾ ആശംസയിട്ടു. തൊട്ടുപിന്നാലെ മകൾ കല്യാണി കംപ്ലീറ്റ് സസ്പെൻസും പൊളിച്ചടുക്കി രംഗത്തെത്തുകയും ചെയ്തു.
"നിനക്ക് പിറന്നാള്‍ ആശംസകള്‍. നീ ആരാണെന്ന് ഞാനും നീയും മാത്രമേ അറിയാൻ പാടുള്ളൂ… ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.” ഇതായിരുന്നു പ്രിയന്‍ സസ്പെൻസായി ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് കണ്ടതോടെ സോഷ്യൽ മീഡിയ തലപുകയ്ക്കാൻ ആരംഭിച്ചു. പാപ്പരാസികളും സജീവമായതോടെയാണ് മകൾ കല്യാണിയുടെ മാസ് എൻട്രി. അമ്മ ലിസിക്കൊപ്പം നില്ക്കുന്ന ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത കല്യാണി അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു.
"ആദ്യ ചിത്രത്തില്‍ എങ്ങനെ ആയിരുന്നുവോ അതുപോലെ തന്നെ ഇപ്പോഴും ഇരിക്കുന്ന എന്‍റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍..' എന്നാണ് കല്യാണി കുറിച്ചത്. അതോടെ ശരിക്കും പ്രിയന്‍റെ സസ്പെൻസ് പൊളിഞ്ഞു. പിന്നെ അദ്ദേഹത്തിന്‍റെ കമന്‍റ് ബോക്സ് പിറന്നാൾ ആശംസകൾ കൊണ്ടു നിറഞ്ഞു.
