ബര്‍ലിന്‍: ജര്‍മനിയില്‍ ആറു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ചൊവ്വാഴ്ചയുണ്ടായ അതിഥികളിലൊരാള്‍ ഇന്ത്യയില്‍ നിന്നു തന്നെ. സ്വദേശത്തുനിന്നു തന്നെയുള്ള പ്രിയങ്കാ ചോപ്ര. തന്‍റെ പുതിയ ചിത്രമായ ബേവാച്ചിന്റെ റിലീസിനു ശേഷം ജര്‍മ്മനിയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു പ്രിയങ്ക. പ്രിയങ്ക തന്നെയാണ് കൂടിക്കാഴ്ചക്കു ശേഷം മോദിയുമൊത്തുള്ള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ചിത്രത്തോടൊപ്പം തന്നോടൊത്ത് അല്‍പനേരം ചെലവഴിക്കാനും സംസാരിക്കാനും മനസ്സു കാണിച്ച പ്രധാനമന്ത്രിക്ക് പ്രിയങ്ക നന്ദിയും രേഖപ്പെടുത്തി. കൂടിക്കാഴ്ച തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ആറ് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി 30 നാണ് പ്രധാനമന്ത്രി ജര്‍മ്മനിയിലെത്തിയത്. ജര്‍മ്മനി,റഷ്യ,സ്‌പെയിന്‍,ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ആറ് ദിവസങ്ങള്‍ക്കിടെ മോദി സന്ദര്‍ശിക്കുക. ഭീകരവാദം,സാമ്പത്തിക സഹകരണം,വിദേശനിക്ഷേപം എന്നിവയാണ് ചര്‍ച്ചാവിഷയങ്ങള്‍