ലോകത്തെ ശക്തരായ നൂറ് വനിതകളുടെ ഫോബ്സ് പട്ടികയിൽ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും. എന്റർടെയ്ൻമെന്റ് ആൻഡ് മീഡിയ വ്യക്തിത്വങ്ങളുടെ പട്ടികയിൽ 15-ാം സ്ഥാനമാണ് ബോളിവുഡിൽനിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയ പ്രിയങ്കയ്ക്ക്.
100 പേരുടെ പട്ടികയിൽ പോപ് ഗായിക ബിയോണ്‍സ് നാലാം സ്ഥാനത്തും ടെയ്ലർ സ്വിഫ്റ്റ് 12-ാം സ്ഥാനത്തുമാണ് ഇടംപിടിച്ചിട്ടുള്ളത്. ഹാരി പോട്ടർ എഴുത്തുകാരി ജെ.കെ.റൗളിംഗ് 13-ാം സ്ഥാനത്തെത്തി.

മൊത്തം പട്ടികയിൽ 97-ാം സ്ഥാനത്താണ് പ്രിയങ്ക. പ്രിയങ്കയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുത്രി ഇവാൻക ട്രംപുമാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള പുതുമുഖങ്ങൾ.

ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ച പ്രിയങ്ക യുനിസെഫിന്റെ അംബാസഡർ കൂടിയാണ്. നിലവിൽ ഹോളിവുഡ് സിനിമകളിലും ടിവിഷോകളിലുമാണ് പ്രിയങ്ക ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുളളത്.

