ജോര്‍ദ്ദാന്‍: കഷ്ടപ്പാടിലും ദുരിതത്തിലും ജീവിക്കുന്ന സിറയിയിലെ കുരുന്നുകളെ അക്ഷരത്തിന്‍റെ ലോകത്തേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. യൂനിസെഫിന്‍റെ ഗുഡ് വില്‍ അംബാസിഡറായ  പ്രിയങ്ക, സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്  ജോര്‍ദ്ദാനിലെത്തിയത്. ജോര്‍ദ്ദാനിലെ സിറിയന്‍ കുരുന്നകളെ കുറിച്ചും അവിടുത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരം വിവരങ്ങള്‍ പ്രിയങ്ക അപ്ഡേറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ തന്നെ ട്രോളിക്കൊണ്ട് ട്വിറ്റര്‍ പോസ്റ്റിനു താഴെ കമന്‍റിട്ട ചെറുപ്പക്കാരന് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് താരം.

ഇന്ത്യയിലും വികസനം ചെന്നെത്താത്ത സ്ഥലങ്ങളുണ്ടെന്നും ഇവിടെ പോഷകാഹാര കുറവ് മൂലം അസുഖബാധിതരായ കുട്ടികളുണ്ടെന്നും ഇവര്‍ക്കും സഹായം ആവശ്യമാണെന്നാണ് രവീന്ദ്ര ഗൗതം എന്നയാള്‍ പ്രിയങ്കയെ ഓര്‍മ്മിപ്പിച്ചത്. എന്നാല്‍ 12 വര്‍ഷത്തോളം യൂനിസെഫുമായി സഹകരിച്ച് ഇന്ത്യയിലെ പല സ്ഥലങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടന്നും,  ഇത്രയും കാലം കൊണ്ട് നിങ്ങള്‍ എന്ത് ചെയ്തെന്നും പ്രിയങ്ക തിരിച്ചടിച്ചു.

സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായ് പ്രിയങ്ക ചോപ്ര പല സ്ഥലങ്ങളും സന്ദര്‍ശിക്കറുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളാക്കപ്പെട്ട സിംബാവെയിലെ കുരുന്നകളെ  പ്രിയങ്ക സന്ദര്‍ശിച്ചത്.