കൊച്ചി: കാവ്യമാധവനുമായുള്ള വിവാഹത്തിന് ശേഷം പ്രൊഫ. ഡിങ്കന്‍ എന്ന ചിത്രത്തിലായിരിക്കും ദിലീപ് അടുത്തതായി അഭിനയിക്കുക. ഈ ചിത്രത്തിനെതിരേ നേരത്തെ പ്രതിഷേധം ഉയര്‍ത്തിയവര്‍ വീണ്ടും രംഗത്ത് എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഡിങ്കോയിസ്റ്റുകളാണു പ്രതിഷേധവുമായി രംഗത്ത് എത്തിരിക്കുന്നത്. തങ്ങളുടെ ദൈവമായ ഡിങ്കനെ അധിഷേപിച്ചു എന്ന് ആരോപിച്ച് നേരത്തെ തന്നെ പാരഡിമതക്കാര്‍ ഇതിനെതിരെ പ്രതിഷേധം തുടങ്ങിയിരുന്നു. 

ചിത്രത്തിന്‍റെ പേരായ പ്രഫസര്‍ ഡിങ്കന്‍ എന്നതുതന്നെ തങ്ങളെ വൃണപ്പെടുത്തുന്നു എന്നാണ് ഡിങ്കമതവിശ്വാസികള്‍ പറയുന്നത്. മനുഷ്യനെ വിളിക്കുന്നതു പോലെ പ്രഫസര്‍ എന്നു ചേര്‍ത്തു വിളിക്കുന്നതു തന്നെ ഡിങ്കനോടു ചെയ്യുന്ന ക്രൂരതയാണെന്ന് ഇവര്‍ പറയുന്നു. മറ്റുമതങ്ങളുടെ ദൈവങ്ങളെ ഇങ്ങനെ ആരും മാഷും ടിച്ചറും ചേര്‍ത്തു വിളിക്കാറില്ലല്ലോ എന്നാണ് ഇവര്‍ ചോദിക്കുന്നത്. 

ആര്‍ഷ ഡിങ്കോയിസത്തെ അപമാനിക്കുകയാണ് അന്യമതസ്ഥനായ ദിലീപ് ചെയ്യുന്നതെന്ന്  ഇവര്‍ പറയുന്നു. ഇത് പറക്കും തളിക എന്ന ചിത്രം മുതല്‍ ദിലീപ് ചെയ്യുന്നത് അതാണ്. പറക്കും തളികയില്‍ പാസ്‌പോര്‍ട്ട് കരണ്ടു ജീവിക്കുന്നവരായി എലികളെ ചിത്രീകരിച്ചു. മാത്രമല്ല അവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം ചിത്രത്തില്‍ ഉടനീളം ദിലീപ് ചെയ്യുന്നുണ്ട്. 

ഡിങ്കമതവികാരത്തെ വ്രണപ്പെടുത്തുന്ന ഈ അനാവശ്യ പ്രവണത ദിലീപ് അവസാനിപ്പിച്ചെ മതിയാകു എന്ന് ഇവര്‍ പറയുന്നു. ദിലീപ് പ്രൊഫ. ഡിങ്കന്‍ എന്ന സിനിമ ഉപേക്ഷിക്കണം എന്നും അല്ലെങ്കില്‍ ചിത്രത്തിന്റെ പേര് ഭഗവാന്‍ ഡിങ്കന്‍ എന്നും പുനര്‍നാമകരണം ചെയ്യണം എന്നുമാണ് ഇവരുടെ ആവശ്യം. 

സിനിമ ചിത്രീകരിക്കും മുമ്പ് തിരക്കഥ ഡിങ്കോയിസ്റ്റുകള്‍കളുടെ സൂഷ്മ പരിശോധനയ്ക്ക് വിധയമാക്കി സമ്മതം വാങ്ങുക, പറക്കും തളിക എന്ന ചിത്രത്തിലേതു പോലെ  ഡിങ്കനെ അപാനിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കുക, ദേ പുട്ട് എന്ന റസ്‌റ്റോറന്‍റിന്‍റെ പേര് ദേ കപ്പ എന്നാക്കുക തുടങ്ങിയ ആവശ്യങ്ങളാണു ഡിങ്കോയിസ്റ്റുകള്‍ മുന്നോട്ട് വച്ചിരിക്കുന്നുത്. 

ഇത് അംഗീകരിച്ചില്ലെങ്കില്‍ സിനിമ ചിത്രീകരിക്കുന്നത് തടസപ്പെടുത്തുമെന്ന് ഇവര്‍ അറിയിച്ചു. എന്നാല്‍ നേരത്തെ ഇതിന് എതിരെ ചിത്രത്തിന്‍റെ തിരക്കഥകൃത്ത് റാഫി തന്നെ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. ഛായഗ്രഹകന്‍ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന് ചിത്രമാണ് പ്രൊഫ. ഡിങ്കന്‍. തിരുവനന്തപുരമാണു ചിത്രത്തിന്റെ  പ്രധാന ലൊക്കേഷന്‍.