ആവശ്യം നിരസിച്ചതോടെ ഇനി സിനിമയില്‍ ഇടം കിട്ടില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് നിര്‍മാതാവ് വെല്ലുവിളിച്ചെന്നും ശ്രേഷ്ട


സിനിമാ മേഖലയില്‍ കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ഗാനരചയിതാവ് ശ്രേഷ്ട. തെലുഗ് സിനിമാ മേഖലയയിലെ ആദ്യ വനിതാ ഗാനരചയിതാവായ ശ്രേഷ്ട ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വിശദമാക്കിയത്. നല്ല പാട്ടുകളും, കഴിവും മാത്രം ഉണ്ടായാല്‍ പോര സിനിമ മേഖലയില്‍ ഒരു അലസരം ലഭിക്കാന്‍ വേണ്ടതെന്ന് ശ്രേഷ്ട പറയുന്നു. അര്‍ജ്ജുന്‍ റെഡ്ഡി, പെല്ലി ചൂപ്പുലു എന്നീ ചിത്രത്തിന്റെ ഗാനങ്ങള്‍ രചിച്ചത് ശ്രേഷ്ടയാണ്. 

പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും അങ്ങനെ വഴങ്ങിക്കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നത് കണ്ട് അമ്പരന്നു പോയിട്ടുണ്ടെന്ന് ശ്രേഷ്ട തുറന്നടിച്ചു. തനിക്ക് ഇത്ര കാലം അവസരം ലഭിക്കാതിരുന്നത് ഒരു നിര്‍മാതാവിന് വഴങ്ങിക്കൊടുക്കാനുള്ള ആവശ്യം നിരസിച്ചതുകൊണ്ടാണെന്നും ഇവര്‍ പറയുന്നു. ആവശ്യം നിരസിച്ചതോടെ ഇനി സിനിമയില്‍ ഇടം കിട്ടില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് നിര്‍മാതാവ് വെല്ലുവിളിച്ചെന്നും ഇവര്‍ പറഞ്ഞു.

അവസരങ്ങള്‍ക്കായി പിന്നീടും ശ്രമം തുടങ്ങിയതോടെ നിര്‍മാതാവിന്റെ ഭാര്യ ഭര്‍ത്താവിന് വഴങ്ങാന്‍ ആവശ്യപ്പെട്ടെന്ന് ശ്രേഷ്ട പറഞ്ഞു. ഗോവയില്‍ വച്ച് നടക്കുന്ന പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ് ഭീഷണി വരെ ഉണ്ടായതായും ശ്രേഷ്ട പറയുന്നു. എന്നാല്‍ ഇതിന് തന്നെ കിട്ടില്ലെന്ന് പറ‍ഞ്ഞ് സിനിമാ മോഹം ഉപേക്ഷിക്കുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു.

പിന്നീട് ഏറെക്കാലത്തിന് ശേഷമാണ് പീലി ചൂപ്പുലു എന്ന ചിത്രം ലഭിച്ചത് ഇതിന് പിന്നാലെ അര്‍ജ്ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലെ പാട്ടുകള്‍ ഹിറ്റായതോടെയാണ് ശ്രേഷ്ടയെ തേടി അവസരങ്ങള്‍ എത്തിയത്. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍ ഉണ്ടാക്കിയ കോലാഹലങ്ങള്‍ അടങ്ങുന്നതിന് മുന്‍പാണ് ശ്രേഷ്ടയുടെ വെളിപ്പെടുത്തല്‍.