പിതാവിന് നല്‍കിയ വാഗ്ദാനം യേശുദാസും കുടുംബവും ഫോര്‍ട്ട് കൊച്ചിയില്‍

കൊച്ചി:പിതാവിന് നല്‍കിയ വാഗ്ദാനം നിറവേറ്റാന്‍ പതിവ് പോലെ സംഗീതാര്‍ച്ചനയുമായി യേശുദാസ് ഫോര്‍ട്ട് കൊച്ചി അധികാരി വളപ്പിലെ കപ്പേളയില്‍ എത്തി. വണക്കമാസ ആഘോഷത്തൊടനുബന്ധിച്ചുള്ള നേര്‍ച്ച സദ്യ വിളമ്പാനും യേശുദാസ് കുടുംബസമേതം പങ്കെടുത്തു.തന്‍റെ പിതാവ് അഗസ്റ്റിന്‍ ഭാഗവതരുടെ കൈപിടിച്ച് പന്ത്രാണ്ടാം വയസ്സിലാണ് സംഗീതാര്‍ച്ചനയ്ക്കായി യേശുദാസ് ആദ്യമായി അധികാരി വളപ്പിലെ കപ്പേളയിലെത്തുന്നത്. 

അന്ന് പിതാവ് മകനോട് ആവശ്യപ്പെട്ടത് വണക്കമാസം മുടങ്ങാതെ കപ്പേളയിലെത്തി സംഗീതാര്‍ച്ചന നടത്തുന്നതിനായിരുന്നു. കഴിഞ്ഞ 66 വര്‍ഷമായി ഗാനഗന്ധര്‍വന്‍ ആവാക്ക് നിറവേറ്റുകയാണ്. സാധാരണ മാർച്ച് 31നായിരുന്നു അധികാരിവളിപ്പിലെ കപ്പേളയില്‍ പരിപാടി നടത്താറുള്ളതെങ്കിലും ഈസ്റ്റര്‍ തലേദിവസമായതിനാല്‍ നേരത്തെ ആക്കുകായിരുന്നു. 

ഭാര്യ പ്രഭ യേശുദാസും മക്കളായ വിജയ്, വിനോദ് എന്നിവര്‍ക്കൊപ്പം കപ്പേളയിലെത്തിയ യേശുദാസിനെ സ്വീകരിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളുമടക്കം നിരവിധി പേരുണ്ടായിരുന്നു. ആദ്യം തിരുസ്വരൂപത്തില്‍ വണങ്ങിയ ശേഷം നേര്‍ച്ച സദ്യ വിളമ്പി,പിന്നാട് വൈകുന്നേരമായിരുന്നു സംഗീതാര്‍ച്ചന. അര്‍ദ്ധരാത്രിവരെ സംഗീതാര്‍ച്ചന നടത്തിയാണ് യേശുദാസ് സുഹൃത്തുക്കളോടും നാട്ടുകാരോടും യാത്രപറഞ്ഞിറങ്ങിയത്.