അനുഭവസമ്പത്തോ അഭിനയപാടവമോ പലപ്പോഴും പല നല്ല കലാകാരന്‍മാര്‍ക്ക് സിനിമയിലേക്കുള്ള വഴി തുറക്കാറില്ല. എന്നാല്‍ വ്യത്യസ്തമായൊരു കഥ ഓര്‍മപ്പെടുത്തുകയാണ് ഉപ്പും മുളകും എന്ന പരമ്പരയുടെ തിരക്കഥാകൃത്ത് അഫ്സല്‍ കരുനാഗപ്പള്ളി.  പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയും പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുകയാണ്. അതേപോലെ ചിത്രത്തില്‍ ഒരു പ്രാധാന വേഷമായ കുമാരനെയും പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കുമാരനെ അവതരിപ്പിച്ച് ശ്രദ്ധേനേടുന്ന ആ കലാകാരന്‍ ഏറെ മുതിര്‍ന്ന കോട്ടയം രമേഷ് എന്ന അതുല്യ പ്രതിഭയാണ്. 

നേരത്തെ പൃഥ്വിരാജന്‍റെ അച്ഛനായ സുകുമാരന്‍ അഭിനയിച്ച ഒരു ചിത്രത്തില്‍ അദ്ദേഹം വളരെ ചെറിയൊരു വേഷമിട്ടിരുന്നു.  ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഞങ്ങളുടെ കൊച്ചു ഡോക്ടര്‍ എന്ന സിനിമയിലാണ് അദ്ദേഹം നേരത്ത വേഷമിട്ടത്. സുകുമാരന്‍ അവതരിപ്പിക്കുന്ന ഡോക്ടര്‍ കഥാപാത്രത്തെ ചോദ്യം ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥന്റെ റോളായിരുന്നു അത്.

30 വര്‍ഷത്തിനിപ്പുറം പൃഥ്വിരാജ് സുകുമാരനൊപ്പം സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് കോട്ടയം രമേഷ്. സിനമ കണ്ടിറങ്ങിയ ശേഷം കോട്ടയം രമേഷിനോട് സംസാരിച്ചപ്പോള്‍ ഇക്കാര്യം പങ്കുവച്ചു എന്ന് അഫ്‌സല്‍ കരുനാഗപ്പള്ളിയാണ് ഫേസ്ബുക്കില്‍ കുറിച്ചത്. ഉപ്പും മുളകും എന്ന പരമ്പരയില്‍ ബാലു എന്ന കഥാപാത്രം ചെയ്യുന്ന ബിജു സോപാനത്തിന്‍റെ അച്ഛന്‍റെ റോളില്‍ കോട്ടയം രമേഷ് വേഷമിടുന്നുണ്ട്.

കുറിപ്പിങ്ങനെ...

ഇന്നലെ അയ്യപ്പനും കോശിയും കണ്ടു കഴിഞ്ഞു കുമാരേട്ടനെ കെട്ടിപ്പിടിച്ചു സന്തോഷം പങ്കു വെച്ചപ്പോൾ രമേഷേട്ടൻ പഴയ ഒരു ഓർമ്മ പങ്കു വെച്ചു. 1989 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഞങ്ങളുടെ കൊച്ചു ഡോക്ടർ' എന്ന സിനിമയിൽ സുകുമാരൻ അവതരിപ്പിക്കുന്ന ഡോക്ടർ കഥാപാത്രത്തെ ചോദ്യം ചെയ്യാൻ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു രമേഷേട്ടന്‍. ഒരു പാട്ട് രംഗത്തിൽ സെക്കന്റുകൾ മാത്രം സ്ക്രീനിൽ വന്നു പോകുന്ന വേഷം. എവിടെയാണ് വന്നു പോകുന്നതെന്ന് കൃത്യമായി രമേഷേട്ടൻ പറഞ്ഞു തന്നത് കൊണ്ട് അപ്പോൾ തന്നെ യൂട്യൂബിൽ കയറി ആ സീനിന്റെ സ്ക്രീൻഷോട്ട് എടുത്തു.

സുകുമാരനൊപ്പമുള്ള ആ പഴയ ഫോട്ടോയും തലേന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുമാരനോടൊപ്പമുള്ള ഫോട്ടോയും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. കാലം കാത്തു വെക്കുന്ന ചില കൗതുകങ്ങൾ ഉണ്ട് അച്ഛനൊപ്പമുള്ള പേരില്ലാത്ത കഥാപാത്രത്തിൽ നിന്നും മകൻ 'കുമാരാ' എന്നു നീട്ടി വിളിക്കുന്ന തലയെടുപ്പുള്ള കഥാപാത്രത്തിലേക്കുള്ള വളർച്ച. അഭിമാനം രമേഷേട്ടാ 😍😍😍