കൊച്ചി: ഇനി നൂറ് കോടി മാത്രമല്ല, ആദ്യ 150 കോടി സ്വന്തമാക്കിയ മലയാള സിനിമയെന്ന റെക്കോർഡും പുലിമുരുകൻ സ്വന്തമാക്കിയിരിക്കുകയാണ്. പകരം വെയ്ക്കാനില്ലാത്ത കുതിപ്പായ് മാറുകയാണ് മോഹൻലാൽ നായകനായ ഈ വൈശാഖ് ചിത്രം. ഒക്ടോബർ ഏഴിന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും കേരളമൊട്ടാകെ 144 സെന്‍ററുകളില്‍ ഓടുന്നുണ്ട്.
 
വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ക്ഷന്‍ നേടിയ ആദ്യ മലയാള ചിത്രം, റിലീസ് ചെയ്ത 80 തീയേറ്ററുകളില്‍ 100 ദിവസത്തിലേക്ക് കുതിക്കുന്ന ആദ്യ മലയാള ചിത്രം തുടങ്ങിയവയാണ് ബോക്‌സ് ഓഫീസില്‍ പുലിമുരുകന്‍ രചിച്ച റെക്കോര്‍ഡുകള്‍. മികച്ച ശബ്ദസാങ്കേതിക മികവോടെയുള്ള പുലിമുരുകന്റെ 3ഡി പതിപ്പ് അണിയറയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. 
 
മലയാളത്തിൽ റിലീസ് ചെയ്ത ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു. അടുത്തതായി കന്നട, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, ചൈനീസ്, വിയറ്റ്നാമീസ് തുടങ്ങിയ ഭാഷയിലേക്കും മൊഴിമാറ്റം ചെയ്യുന്നുണ്ട്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായി മാറിയിരിക്കുകയാണ് പുലിമുരുകൻ.