ആദ്യ മൂന്ന് ദിവസത്തെ കളക്ഷനിലൂടെ മാത്രം അതിവേഗം 10 കോടി പിന്നിടുന്ന മലയാളചിത്രം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു 'പുലിമുരുകന്‍'. പിന്നീടുള്ള ദിവസങ്ങളിലും മൗത്ത്പബ്ലിസിറ്റി വഴി തീയേറ്ററുകളിലെ തിരക്ക് നിലനിര്‍ത്താനായി ഈ വൈശഖ് ചിത്രത്തിന്.

ഏറ്റവും വേഗത്തില്‍ 25 കോടി പിന്നിടുന്ന മലയാളചിത്രം എന്ന റെക്കോര്‍ഡായിരുന്നു അടുത്തത്. ഒരാഴ്ചകൊണ്ടാണ് ചിത്രം 25 കോടി പിന്നിട്ടത്. കേരളത്തിനകത്തും പുറത്തുമുള്ള 325 റിലീസ് കേന്ദ്രങ്ങളില്‍ നിന്നായി ഏഴ് ദിവസം കൊണ്ട് 25.43 കോടിയാണ് നേടിയത്.

പുലിമുരുകന്‍ റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴുള്ള തീയേറ്റര്‍ കളക്ഷനാണ് ചുവടെ. ഒക്ടോബര്‍ 7 വെള്ളിയാഴ്ചയാണ് 325 തീയേറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മലയാളസിനിമയിലെ എക്കാലത്തെയും കളക്ഷന്‍ റെക്കാര്‍ഡിനുടമയായ 'ദൃശ്യ'ത്തിന് അരികില്‍ എത്തിയിരിക്കുകയാണ് പുലിമുരുകന്‍. 
ദൃശ്യത്തിന്‍റെ ടോട്ടല്‍ തീയേറ്റര്‍ കളക്ഷന്‍ 68.15 കോടി ആണ്. എന്നാല്‍ ഒക്ടോബര്‍ 7 മുതല്‍ 20 വരെയുള്ള 14 ദിവസം കൊണ്ട് മാത്രം പുലിമുരുകന്‍ നേടിയത് 60 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ യുഎസ്, യൂറോപ്പ് റിലീസ് അടുത്തയാഴ്ചയാണ്. നവംബര്‍ 3ന് ഗള്‍ഫിലുമെത്തും ചിത്രം. യൂറോപ്പില്‍ ഒരു മലയാളചിത്രത്തിന് ലഭിക്കുന്ന ഏറ്റവുമധികം സ്‌ക്രീനുകളും പുലിമുരുകന്‍ സ്വന്തമാക്കി. 

യൂറോപ്പില്‍ മാത്രം 150 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഈ സ്‌ക്രീനുകളിലെയെല്ലാം ആദ്യ പ്രദര്‍ശനങ്ങളുടെ ബുക്കിംഗ് ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. വിദേശ റിലീസുകള്‍ കൂടി പരിഗണിക്കുമ്പോള്‍ ആദ്യമായി 100 കോടി കളക്ഷന്‍ നേടുന്ന മലയാളചിത്രമാവാനുള്ള വലിയ സാധ്യതയാണ് പുലിമുരുകന് മുന്നിലുള്ളത്.