സകല റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുന്ന മോഹന്‍ ലാല്‍ ചിത്രം പുലിമുരുകന്‍റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരേസമയം കണ്ട സിനിമ എന്ന റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്.

ഏപ്രില്‍ 14ന് വിഷുദിനത്തില്‍ ഏഷ്യാനെറ്റാണ് ചിത്രം സംപ്രേക്ഷണം ചെയ്തത്. ബാര്‍ക്ക് റേറ്റിംഗില്‍ 29 പോയിന്‍റ് നേടിയാണ് പുലിമുരുകനിലൂടെ ഏഷ്യാനെറ്റ് എതിരാളികളെ മലര്‍ത്തിയടിച്ചത്. കൂടാതെ ജി ഇ വ്യൂവര്‍ഷിപ്പിന്‍റെ 85 ശതമാനവും പുലിമുരുകന്‍ നേടി. ഏപ്രില്‍ 14ന് വൈകിട്ട് 7 മണിമുതല്‍ രാത്രി 10.40 വരെയായിരുന്നു പ്രദര്‍ശനം. ഭൂരിപക്ഷം മലയാളികളും ഈ സമയം ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നുവെന്ന് ചുരുക്കം.