തിരുവനന്തപുരം: രണ്ടാമത് സത്യജിത്ത് റായ് ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച കഥാചിത്രത്തിനുള്ള പുരസ്ക്കാരം ‘പുള്ളാഞ്ചി’ സ്വന്തമാക്കി. റിഥം ക്രിയേഷൻസിന്റെ ബാനറിൽ വിനോദ് കോയിപ്പറമ്പത്ത് നിർമ്മിച്ച് ഗിരീഷ് മക്രേരി രചനയും സംവിധാനവും നിർവ്വഹിച്ച ഹ്വസ്വ ചിത്രമാണ് പുള്ളാഞ്ചി. 
 
സത്യജിത്ത് റായ് ഫിലിം സൊസൈറ്റി, കേരള സാംസ്കാരിക വകുപ്പിന്റെ ഭാരത് ഭവൻ, കേരള ചലചിത്ര അക്കാദമി എന്നിവരുടെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ഡിസംബർ 19 മുതൽ 23 വരെ തിരുവനന്തപുരത്ത് വച്ചായിരുന്നു ഫെസ്റ്റിവൽ നടന്നത്.   

കാസർകോട്ടെ ബദിയടുക്ക കൊറഗ കോളനിയിൽ കൊട്ട മടഞ്ഞ് ജീവിക്കുന്ന ഒരു സമൂഹത്തിന്റെ വ്യഥയും കഷ്ടതയും വരച്ചുകാട്ടുന്ന ചിത്രമാണ് 16.8 മിനുട്ട് ദൈർഘ്യമുള്ള പുള്ളാഞ്ചി. അടുത്ത ആഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.

ഇതുകൂടാതെ കോൺഫെഡറേഷൻ ഓഫ് ടെലിവിഷൻ ആർട്ടിസ്റ്റ്സ് കൊമേഴ്സ്യൽ ഓപ്പറേറ്റേർസ് ആന്റ് ടെക്നിഷ്യൻസ് (കോൺടാക്ട്) തിരുവനന്തപുരത്ത് വച്ച് നടത്തിയ 11ാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും മികച്ച ചിത്രത്തിനുള്ള അവാർഡ് പുള്ളാഞ്ചി കരസ്ഥമാക്കി. മികച്ച ക്യാമറയ്ക്കുള്ള അവാർഡും ചിത്രത്തിന് തന്നെയായിരുന്നു. പ്രജി വേങ്ങാട് ആണ് ചിത്രത്തിൽ ക്യാമറ കൊകാര്യം ചെയ്തത്.