തന്നെ സമീപിക്കുന്ന നടന്മാര്‍ മറ്റു നടിമാരൊത്ത് സ്ഥിരമായി കിടപ്പറ പങ്കിടാറുണ്ടെന്ന് അറിയാമെന്നും അവരുമായി ഈ നടന്മാര്‍ തന്നെ താരതമ്യപ്പെടുത്തിയിരിക്കാമെന്നും രാധിക പറയുന്നു. ആരോടൊപ്പം കിടക്കണം, വേണ്ട, എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ഞാനൊരു തുറന്ന പുസ്തകമാണെന്ന് ഇവര്‍ ധരിച്ചിരിക്കാം. മോഹന വാഗ്ദാനങ്ങള്‍ നല്‍കി എത്രയോ നടിമാരെ ഇക്കൂട്ടര്‍ വീഴ്ത്തിയിട്ടുണ്ടെന്ന് എനിക്കറിയാം. മിക്ക നടിമാരും തങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെട്ടു പോകുമെന്ന ഭീതിയോടെ സൂപ്പര്‍ സ്റ്റാറിന്റെ ഇംഗിതത്തിന് വഴങ്ങുകയാണ് ചെയ്യുക.

എന്നെ ഇപ്പോള്‍ പിന്തുടരുന്നത് ഒരു തെന്നിന്ത്യന്‍ നടനാണ്. പലപ്പോഴും അയാളുടെ പേര് വെളിപ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചു പോയിട്ടുണ്ട്. എങ്കില്‍ അയാളുടെ ഇമേജിനെ അതു സാരമായി ബാധിക്കും. ഒരുദിവസം ഞാന്‍ തങ്ങിയിരുന്ന ഹോട്ടലില്‍ ഇയാള്‍ വന്നു. അതൊരു രാത്രിയായിരുന്നു. ഈ അപ്രതീക്ഷിതമായ കൂടിക്കാഴ്ചയില്‍ എനിക്ക് സന്തോഷം തോന്നി. ഒരു വലിയ നടന്‍ എന്ന നിലയ്ക്ക് ഞാന്‍ വളരെ മാന്യമായി സംസാരിച്ചു.

സിനിമയെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചുതുടങ്ങി. അയാള്‍ മദ്യപിച്ചിരുന്നതായി ഞാന്‍ മനസിലാക്കി തുടര്‍ന്ന് സംഭാഷണത്തിനിടയില്‍ എന്‍റെ ശരീരമാകെ അയാളുടെ കണ്ണുകള്‍ പരതുന്നുണ്ടായിരുന്നു. മാത്രമല്ല, സംഭാഷണത്തില്‍ അശ്ലീലവാക്കുകളും വീണുതുടങ്ങി. രംഗം പന്തിയല്ലെന്ന് എനിക്കു മനസിലായി. എഴുന്നേറ്റ് പോകാന്‍ പറയാന്‍ എനിക്കു തോന്നിയില്ല. 

പകരം എനിക്ക് നല്ല ക്ഷീണമുണ്ടെന്നും രാവിലെ മുതല്‍ ഷൂട്ടിംഗ് സ്‌പോട്ടിലായിരുന്നുവെന്നും പറഞ്ഞു. എന്നിട്ടും അയാള്‍ പോകാനുള്ള ഒരുക്കത്തിലല്ലായിരുന്നു. ആ രാത്രി എന്റെ റൂമില്‍ കഴിയണമെന്ന ആഗ്രഹം അയാള്‍ വെളിപ്പെടുത്തി. സാധ്യമല്ലെന്നും പെട്ടെന്ന് റൂം വിട്ടു പോകണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ഹോട്ടല്‍ അധികൃതരെ വിവരം അറിയിക്കുമെന്ന് പറഞ്ഞതോടെ അയാള്‍ എണീറ്റ് പ്രതികാരഭാവത്തോടെ പറഞ്ഞു. ഞാന്‍ വിചാരിച്ചാല്‍ ഈ ഫീല്‍ഡില്‍നിന്നും നിന്നെ ഔട്ടാക്കാന്‍ കഴിയും. ഓര്‍മ്മയിലിരിക്കട്ടെ. എന്നു പറഞ്ഞ് അയാള്‍ പുറത്തിറങ്ങുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം പിന്നീടും ഇയാള്‍ തന്നെ ശല്യപ്പെടുത്തിയെന്ന് രാധിക പറയുന്നു.