തെലുങ്ക് സിനിമയിലെ വലിയ ശക്തനായ നടനാണയാള്‍, പക്ഷേ ഞാനും അത്ര ദുര്‍ബലയലല്ലോ.. അപ്പോള്‍ തന്നെ ഞാന്‍ കിടന്നിടത്ത് നിന്നെഴുന്നേറ്റ് അയാളുടെ കരണത്ത് ഒന്ന് പൊട്ടിച്ചു

തന്നോട് അപമര്യാദയായി പെരുമാറിയ ഒരു തെന്നിന്ത്യന്‍ നടന്റെ കരണത്തടിച്ചുവെന്ന നടി രാധികാ ആപ്തയുടെ വെളിപ്പെടുത്തല്‍ സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ഏത് കാര്യത്തിലും തന്റെ നിലപാട് വ്യക്തമാക്കുകയും അതില്‍ ശക്തമായി ഉറച്ചു നില്‍ക്കുകയും ചെയ്യുന്ന രാധിക തന്നോട് അപമര്യാദയായി പെരുമാറിയ നടനെ താന്‍ കൈകാര്യം ചെയ്തുവെന്ന് വ്യക്തമാക്കിയെങ്കിലും ഇതാരാണെന്ന് തുറന്നു പറഞ്ഞിരുന്നില്ല. 

ഇതോടെ രാധികയുടെ കൂടെ അഭിനയിച്ച വിവിധ തെന്നിന്ത്യന്‍ നടന്‍മാരെ വച്ച് മാധ്യമങ്ങളിലും സോഷ്യല്‍മീഡിയകളിലും ചര്‍ച്ചകള്‍ സജീവമായിരുന്നു. ഒരു നടന്‍ ചെയ്ത തെറ്റിന്റെ പേരില്‍ ഒപ്പം അഭിനയിച്ച മുഴുവന്‍ നടന്‍മാരേയും സംശയനിഴലില്‍ നിര്‍ത്തിയ രാധികയുടെ നടപടിയേയും ചിലര്‍ വിമര്‍ശിച്ചു. എന്തായാലും വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അവസാനം കുറിച്ചു കൊണ്ട് തനിക്കുണ്ടായ അനുഭവം രാധിക ആപ്‌തെ തുറന്നു പറഞ്ഞിരിക്കുകയാണ്. നടി നേഹാ ധൂപിയ അവതരിപ്പിക്കുന്ന ഒരു ടിവി ടോക്ക് ഷോയില്‍ വച്ചാണ് വര്‍ഷങ്ങള്‍ മുന്‍പ് നടന്ന സംഭവത്തെക്കുറിച്ച് രാധിക വെളിപ്പെടുത്തിയത്. 

ഞാന്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ആദ്യദിവസത്തെ ഷൂട്ടിംഗിനിടെയായിരുന്നു ആ സംഭവം. ഞാന്‍ അവതരിപ്പിക്കുന്ന അവശയായ കഥാപാത്രം നിലത്തു കിടക്കുന്നതാണ് രംഗം. ചിത്രീകരണത്തിനായി എല്ലാം സജ്ജമായി. മുഴുവന്‍ ക്രൂ അംഗങ്ങളും ഷൂട്ടിംഗ് സെറ്റിലുണ്ട്. അപ്പോള്‍ ആണ് നായകനായി അഭിനയിക്കുന്ന നടന്‍ സെറ്റിലെത്തുന്നത്. 

അദ്ദേഹത്തെ എനിക്ക് മുന്‍പരിചയമില്ലായിരുന്നു. നായകനെത്തിയതോടെ ഷൂട്ടിംഗിന് മുന്നോടിയായി ഫൈനല്‍ റിഹേഴ്‌സല്‍ തുടങ്ങി. അതിനിടയിലാണ് അയാള്‍ എന്റെ കാലില്‍ തോണ്ടാന്‍ തുടങ്ങിയത്. തെലുങ്ക് സിനിമയിലെ വലിയ ശക്തനായ നടനാണയാള്‍, പക്ഷേ ഞാനും അത്ര ദുര്‍ബലയലല്ലോ.. അപ്പോള്‍ തന്നെ ഞാന്‍ കിടന്നിടത്ത് നിന്നെഴുന്നേറ്റ് അയാളുടെ കരണത്ത് ഒന്ന് പൊട്ടിച്ചു. മൊത്തം സെറ്റും അതോടെ സ്തംഭിച്ച അവസ്ഥയായി. 

ഇനിയൊരിക്കല്ലും എന്നോട് അങ്ങനെ ചെയ്യരുത്... എല്ലാവരും കേള്‍ക്കേ തന്നെ ഞാന്‍ അയാളോട് പറഞ്ഞു. ദേഷ്യം കാരണം സ്വബോധം നഷ്ടമായ ഞാന്‍ പലവട്ടം ആ വാക്കുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിരുന്നു. പെട്ടെന്നുണ്ടായ എന്റെ പ്രതികരണത്തില്‍ അയാള്‍ ആകെ ഞെട്ടിയിരുന്നു.എന്തായാലും അതിനു ശേഷം അയാള്‍ എന്നോട് നിലവിട്ടു പെരുമാറിയിട്ടില്ല. തെന്നിന്ത്യന്‍ സിനിമകളില്‍ മുഴുവന്‍ ഈ അവസ്ഥയാണ് എന്ന് ഞാന്‍ പറയില്ല. തെലുങ്കിലെ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചപ്പോള്‍ മാത്രമാണ് എനിക്ക് ഈ ദുരനുഭവം ഉണ്ടായത്. രജനീകാന്തിനൊപ്പം കാബാലിയില്‍ അഭിനയിച്ചത് തീര്‍ത്തും വിപരീതമായ അനുഭവമായിരുന്നു. ജീവിതത്തില്‍ ഞാന്‍ ഏറ്റവും മാന്യനും നന്മ നിറഞ്ഞതുമായ വ്യക്തിത്വങ്ങളില്‍ ഒന്നാണ് രജനീകാന്തിന്റേത്..... രാധിക പറയുന്നു. 

തമിഴില്‍ രജനീകാന്ത്(കബാലി),സൂര്യ(രക്തചരിത്ര),പ്രകാശ് രാജ്(ധോണി), കാര്‍ത്തി(ഓള്‍ ഇന്‍ ഓള്‍ അഴഗുരാജ),അജ്മല്‍ അമീര്‍(വെട്രിസെല്‍വന്‍) എന്നിവര്‍ക്കൊപ്പംരാധികാ ആപ്‌തെ അഭിനയിച്ചിട്ടുണ്ട് ഇതില്‍ കൂടുതലും തെലുങ്കിലേക്കും ഹിന്ദിയിലേക്കും ഡബ് ചെയ്തവയാണ്. തെലുങ്കില്‍ രണ്ട് സിനിമകളിലാണ് രാധിക അഭിനയിച്ചിട്ടുള്ളത് ലെജന്‍ഡ് (2014), ലയണ്‍(2015) രണ്ട് സിനിമകളിലും ബാലകൃഷ്ണയായിരുന്നു. 2015-ല്‍ ഫഹദ് ഫാസിലിനൊപ്പം ഹരം എന്ന മലയാള ചിത്രത്തിലും രാധിക അഭിനയിച്ചിരുന്നു.