പുതിയ ചിത്രത്തിന് ലഭിച്ച അഡ്വാന്‍സ് ഉപയോഗിച്ച് സ്വന്തം വീട് സ്കൂളാക്കി രാഘവ ലോറന്‍സ്. 20 വർഷം മുൻപ് പാവപ്പെട്ട കുട്ടികൾക്ക് താമസിച്ച് പഠിക്കാൻ ആ വീട് വിട്ടുനൽകി ലോറൻസും അമ്മയും വാടകവീട്ടിലേക്ക് മാറിയിരുന്നു.
പുതിയ ചിത്രത്തിന് ലഭിച്ച അഡ്വാൻസ് തുക കൊണ്ട്, സ്വന്തം വീട് സ്കൂളാക്കി മാറ്റി തമിഴ് നടൻ രാഘവ ലോറൻസ്. കാഞ്ചന നാലാം ഭാഗത്തിന് ലഭിച്ച അഡ്വാൻസ് തുക കൊണ്ടാണ് വീട് സ്കൂളാക്കിയത്. വിശപ്പിന്റെ വിലയും അമ്മയുടെ കഷ്ടപ്പാടുകളുടെ മഹത്വവും അറിഞ്ഞ് വളർന്ന കാലം മുതൽ സാധാരണക്കാരന്റെ നോവുകാണുന്ന നക്ഷത്രമാണ് രാഘവാ ലോറന്‍സ്. ഇപ്പോഴിതാ സ്വന്തം വീട് പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായി പഠിക്കാനുള്ള സ്കൂളാക്കി മാറ്റുകയാണ് താരം. സിനിമയിൽ ഗ്രൂപ്പ് ഡാൻസറായി തുടങ്ങിയ കാലത്ത് ലഭിച്ച വരുമാനം കൂട്ടിവച്ച് വാങ്ങിയ താരം വീടാണ് ഇത്.
20 വർഷം മുൻപ് പാവപ്പെട്ട കുട്ടികൾക്ക് താമസിച്ച് പഠിക്കാൻ ആ വീട് വിട്ടുനൽകി ലോറൻസും അമ്മയും വാടകവീട്ടിലേക്ക് മാറിയിരുന്നു. അവിടെ താമസിച്ച് പഠിച്ചിരുന്ന കുട്ടികൾ ഇന്ന് മികച്ച ജോലി നേടി തമിഴ്നാടിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുകയാണ്. ഇവിടെ പഠിച്ച വേളാങ്കണ്ണി എന്ന പെണ്‍കുട്ടി അധ്യാപിക ആയതോടെയാണ് ആ വീട് ഒരു സ്കൂളാക്കി മാറ്റാൻ താരം തീരുമാക്കുന്നത്. സ്കൂളിലെ ആദ്യ അധ്യാപികയും വേളാങ്കണ്ണി തന്നെ.
മുൻപ് ചന്ദ്രമുഖി 2ൽ അഭിനയിക്കുന്നതിന് ലഭിച്ച അഡ്വാൻസ് തുകയായ 3 കോടി രൂപ മുഴുവൻ കോവിഡ് ഫണ്ടുകളിലേക്ക് താരം സംഭാവന ചെയ്തിരുന്നു. കേരളത്തെ പ്രളയം മുക്കിയപ്പോള്‍ ഒരുകോടി രൂപയാണ് അന്ന് മലയാളികള്‍ക്കായി ലോറന്‍സ് നല്‍കിയത്. അനാഥർ, ഭിന്നശേഷിക്കാരായ കുട്ടികൾ, രോഗം കൊണ്ട് വലയുന്നവർ അങ്ങനെ സഹായം വേണ്ടവരിലേക്കെല്ലാം എത്തുന്ന മക്കൾ സൂപ്പർ സ്റ്റാറായി മാറുകയാണ് രാഘവ ലോറൻസ്.


