ചെന്നൈ: തമിഴ്നാട്ടില്‍ ആദായനികുതി വകുപ്പിന്‍റെ പരിശോധന തുടരുന്നു. നടനും മുന്‍ എം എല്‍ എയുമായ ശരത്കുമാറിന്‍റെ ഭാര്യ രാധിക ശരത് കുമാറിന്‍റെ ഓഫീസില്‍ ഇന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ റെയ്ഡ് നടത്തി. അണ്ണാ ശാലയിലെ 6 ഹോട്ടലുകളിലും പരിശോധന നടന്നു.
ഉച്ചയോടെയാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ രാധിക ശര്ത് കമുമാറിന്‍റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ റദാന്‍ മീഡിയയില്‍ പരിശോധനക്കെത്തിയത്. ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ശശികല പക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥിയായിരുന്ന ടി ടി വി ദിനകരന് പിന്തുണ നല്‍കാന്‍ ആറ് കോടി രൂപ സമത്വ മക്കള്‍ കക്ഷി നേതാവ് കൂടിയായ ശരത് കുമാറിന് കിട്ടിയെന്നാണ് അധികൃതര്‍ കരുതുന്നത്.
കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലും ആദായ നികുതി വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ അവിടെ നിന്ന് പ്രതീക്ഷിച്ച തെളിവുകള്‍ കണ്ടെടുക്കാനായില്ല. തിങ്കളാഴ്ച ആറ് മണിക്കൂറോളം ശരത്കുമാറിനെ ആദായ നികുതി വകുപ്പ് ഓഫീസില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയുമുണ്ടായി.
എന്നാല്‍ ചോദ്യം ചെയ്യലിനോട് ശരത്കുമാര്‍ പൂര്‍ണമായി സഹകരിച്ചില്ലെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. ഈ സാഹചര്യത്തിലാണ് ഭാര്യ രാധികയുടെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയില്‍ റെയ്ഡ് നടത്തിയത്.
ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ടി ടി വി ദിനകരന് ശരത്കുമാര്‍ പിന്തുണ പ്രഖ്യാപിച്ചതിന്‍റെ തൊട്ടടുത്ത ദിവസം ആരോഗ്യമന്ത്രി വിജയഭാസ്കറിന്‍റെയും ശരത്കമുറിന്‍റെയും അടക്കമുള്ള വീടുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ മണ്ഡലത്തില്‍ 89 കോടി രൂപ വിതരണം ചെയ്തതിന്‍റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു.
