ഹൈദരാബാദ്: അടുത്തവര്‍ഷം ഏപ്രില്‍ 17ന് ബാഹുബലിയുടെ രണ്ടാം ഭാഗം എത്തുമെന്ന് അണിയറക്കാര്‍ ഉറപ്പിച്ച് പറയുകയാണ്. അതിനായി കൊണ്ടുപിടിച്ച ഷൂട്ടിംഗിലും അണിയറ പ്രവര്‍ത്തനത്തിലുമാണ് ചിത്രത്തിന്‍റെ സംവിധായകന്‍ എസ്എസ് രാജമൗലിയും സംഘവും. പ്രതികൂല കാലാവസ്ഥയും സമയക്കുറവും ഒക്കെ മറികടന്ന് ലക്ഷ്യത്തില്‍ എത്താം എന്നാണ് രാജമൗലിയും സംഭവും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ രാജമൗലിയെ വലയ്ക്കുന്നത് അനുഷ്കയാണ്.

വിചാരിച്ച കാര്യങ്ങൾ അതേപോലെ നടക്കാത്തതിന്റെ ആകുലതയിലാണ് രാജമൗലി. ബാഹുബലി ആദ്യഭാഗത്തിൽ പ്രായം ചെന്ന ദേവസേന എന്ന കഥാപാത്രത്തെയാണ് അനുഷ്ക അവതരിപ്പിച്ചത്. രണ്ടാം ഭാഗത്തിൽ പ്രഭാസിനൊപ്പം ചെറുപ്പത്തിന്‍റെ ചുറുചുറുക്കുമായാണ് അനുഷ്ക എത്തേണ്ടത്. നിരവധി ആക്ഷന്‍ രംഗങ്ങളാണ് അനുഷ്കയ്ക്ക് ഉള്ളത്.

അനുഷ്കയുടെ ചില രംഗങ്ങള്‍ ഒന്നാം ഭാഗം ചിത്രീകരിച്ചപ്പോള്‍ തന്നെ രാജമൗലി ചിത്രീകരിച്ചിരുന്നു. അതിന്‍റെ കൃത്യമായ തുടര്‍ച്ചയാണ് രാജമൗലി ആഗ്രഹിക്കുന്നത് എന്നാല്‍ അനുഷ്കയ്ക്ക് തടി കൂടിയത് ഈ ആഗ്രഹത്തിന് തടസമാകുകയാണ്. സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അനുഷ്ക തടി വച്ചത്. സ്ത്രീകളിലെ തടികൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടായിരുന്നു സിനിമയുടെ പ്രമേയം. എന്നാൽ ഇതിന് ശേഷം ജിമ്മിലും മറ്റും കഠിനമായ വർക്കൗട്ട് നടത്തിയിട്ടും ഉദ്ദേശിച്ചത്ര ശരീരഭാരം കുറക്കാൻ അനുഷ്കയ്ക്ക് സാധിച്ചില്ല. 

അതിനാൽ എത്രയും പെട്ടന്ന് തന്നെ എന്തുവില കൊടുത്തും ശരീരഭാരം കുറക്കാൻ അനുഷ്കയോട് സംവിധായകൻ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്.