ചെന്നൈ: ഇന്ത്യന്‍ സിനിമയിലെ സ്റ്റൈല്‍ മന്നന് ഇന്ന് അറുപത്തി ഏഴാം പിറന്നാള്‍. പുതിയ സിനിമകളേക്കാള്‍ രജനി കാന്തിന്റെ രാഷ്‌ട്രീയ പ്രവേശനത്തിലെ സസ്‌പെന്‍സ് എന്ന് തീരും എന്നുള്ളതാണ് പിറന്നാള്‍ ദിനത്തിലെയും പ്രധാന ചോദ്യം .എല്ലാം നൂറും ആയിരവും മടങ്ങാണ്.ഡയലോഗും ആക്ഷനും നൃത്തവും എല്ലാം. രജനി സാധാരണ മനുഷ്യനോ സാധാരണ നായകനോ അല്ലെന്നാണ് ആരാധകരുടെ വിശ്വാസം.

എപ്പോഴും താരം നല്‍കുന്നതും ആരാധകര്‍ പ്രതീക്ഷിക്കുന്നതും അസാധാരണ നമ്പറുകള്‍. തമിഴന് മാത്രമല്ല, മലയാളിക്കും തെലുങ്കനും ഹിന്ദിക്കാരനും ജാപ്പനീസുകാര്‍ക്കും സാക്ഷാല്‍ ഹോളിവുഡ് സിനിമ കാണുന്ന സായിപ്പന്‍മാര്‍ വരെ ഇഷ്‌ടപെടുന്ന താരം. കര്‍ണാടകയിലെ നാച്ചിക്കുപ്പത്തിലേക്ക് കുടിയേറിയ മറാഠി പാരമ്പര്യമുള്ള കുടുംബത്തില്‍ 1950 ല്‍ ജനിച്ച ശിവാജി റാവു ഗെയ്‌ക്ക്‍വാദ് രജനീകാന്ത് ആയതു സിനിമയെ വെല്ലുന്ന അനുഭവവുമായി.

ബസ് കണ്ടക്ടറില്‍ നിന്ന് താരസിംഹാസനത്തിലേക്കുള്ള യാത്ര അപൂര്‍വരാഗങ്ങള്‍ മുതല്‍ കബാലി വരെയുള്ള അപൂര്‍വ്വ ഹിറ്റുകളിലൂടെ. ഈ തിളക്കവും ആക്ഷനും ഒന്നുമില്ലാത്ത ഒരു രജനീകാന്ത് കൂടിയുണ്ട്.കഷണ്ടി കയറിയ തലയിലെ പാറിപ്പറക്കുന്ന നരച്ച മുടിയുമായി സ്ക്രീനിനു പുറത്തു ആഡംബരം ഒന്നുമില്ലാത്ത സാക്ഷാല്‍ രജനി.

സ്റ്റൈല്‍ മന്നനായ രജനിയുടെയും താരജാടകളില്ലാത്ത രജനിയുടെയും രണ്ട് മുഖങ്ങളും പരിചിതം.പക്ഷെ രാഷ്‌ട്രീയക്കാരന്റെ മൂന്നാംമുഖം. അതാണ് എല്ലാവരും കാത്തിരിക്കുന്നത്.ബ്രഹ്മാണ്ഡ ചിത്രം 2.0 യേക്കാള്‍ ആകാംക്ഷ രാഷ്‌ട്രീയ പ്രവേശനം ഉണ്ടാകുമോ എന്നതിലാണ്. പുതിയ സിനിമ കാലയുടെ പോസ്റ്ററാണ് ഈ ജന്‍മദിനത്തില്‍ ആരാധകര്‍ക്കുള്ള രജനിയുടെ ആദ്യസമ്മാനം.ബാക്കി പിന്നാലെ.

Scroll to load tweet…