തമിഴ് ചലച്ചിത്ര രംഗത്ത് പോയവര്‍ഷം തരംഗമായി മാറിയ കബാലിക്ക് ശേഷം രജനികാന്ത്- പാ രഞ്ജിത്ത് ടീം വീണ്ടുമൊന്നിക്കുന്നപുതിയ ചിത്രം 'കാല കരികാലന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മേയ് 28ന് ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമ ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസായിരിക്കും നിര്‍മ്മിക്കുന്നത്. ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ പോസ്റ്റര്‍ അവതരിപ്പിച്ചത്.
തലൈവര്‍ 164 എന്ന് പേരിട്ടിരുന്ന ചിത്രമാണ് ഇപ്പോള്‍ കാല കരികാലന്‍ എന്നാക്കി മാറ്റിയത്. രജനികാന്തും ധനുഷും ഒരു ചിത്രത്തിനായി ഒന്നിക്കുന്നതും ഇത് ആദ്യമായാണ്. ബോളിവുഡ് താരം ഹുമ ഖുറേഷി ചിത്രത്തില്‍ നായികയാകുമെന്നാണ് സൂചന. നേരത്തെ വിദ്യാബാലനെ നായികയാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഡേറ്റില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യ പിന്മാറുകയായിരുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കബാലിയിലെ ഞെരിപ്പ് ഡാ... ചിട്ടപ്പെടുത്തിയ സന്തോഷ് നാരായണന്‍ തന്നെയായിരിക്കും കാല കരികാലനിലും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
