ദില്ലി: ബിജെപിയിലേക്കുള്ള ക്ഷണത്തോട് നോ പറയാതെ സ്റ്റെല്‍ മന്നന്‍ രജനീകാന്ത്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് കഴിഞ്ഞ ദിവസം രജനിയെ ബിജെപിയിലേക്ക് ക്ഷണിച്ചത്. ആരാധകരുമായി നടത്തിയ കൂടികാഴ്ചയില്‍ തന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് രജനി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു പൊന്‍ രാധാകൃഷ്ണന്‍റെ ബിജെപിയിലേക്കുള്ള ക്ഷണം.

തനിക്ക് എന്താണ് പറയാനുള്ളതെന്ന് ഞാന്‍ പറ‍ഞ്ഞിട്ടുണ്ട്, അതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നാണ് പൊന്‍‌ രാധാകൃഷ്ണനുള്ള സൂപ്പര്‍ സ്റ്റാറിന്‍റെ മറുപടി. രണ്ടു ദിനം മുന്‍പ് ചെന്നൈയില്‍ എട്ടുകൊല്ലത്തിന് ശേഷം ആരാധകരുമായി സംഗമം നടത്തിയ രജനി, ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ബിജെപിയില്‍ നിന്നുള്ള ക്ഷണത്തോട് ഒറ്റയടിക്ക് സൂപ്പര്‍സ്റ്റാര്‍ നോ പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. 2014 തെര‌ഞ്ഞെടുപ്പിന് മുന്‍പ് രജനിയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുണ തേടിയിരുന്നു. നോട്ട് പിന്‍വലിക്കല്‍ പോലുള്ള പരിപാടികളില്‍ രജനി പരസ്യമായി മോദിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.

ജയലളിതയുടെ മരണത്തിന് ശേഷം വന്‍പ്രശ്നങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന എഡിഎംകെയ്ക്ക് പകരം തമിഴകത്ത് പുതിയ ശക്തിയാകുവാന്‍ ശ്രമിക്കുന്ന ബിജെപി ഒരു നേതാവിനെ തേടുകയാണ്. അതിനാല്‍ തന്നെ രജനിയെ പാര്‍ട്ടിയുമായി അടുപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പൊന്‍രാധാകൃഷ്ണന്‍റെ പ്രസ്താവന എന്നാണ് റിപ്പോര്‍ട്ട്.