ചെന്നൈ: രജനീകാന്ത് പാര്‍ട്ടിയുണ്ടാക്കി ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിക്കൊപ്പം ചേരുമെന്ന് സ്ഥിരീകരണം. ആര്‍എസ്എസ് നേതാവും രജനിയുടെ ഇപ്പോഴത്തെ പ്രധാന ഉപദേശകനുമായ എസ് ഗുരുമൂര്‍ത്തിയാണ് ഒരു ദേശീയ ചാനലില്‍ ഇത് വെളിപ്പെടുത്തിയത്. ഒപ്പം തന്നെ ഇത്തരത്തില്‍ ഒരു തീരുമാനത്തിന് അടുത്താണെന്നും തീരുമാനം എടുത്താല്‍ അറിയിക്കാമെന്നും രജനീകാന്ത് പ്രതികരിച്ചതായി മറ്റ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയലളിതയുടെ കടുന്ന വിമര്‍ശകനായ ഗുരുമൂര്‍ത്തിയുടെ വാക്കുകള്‍ പ്രകാരം രജനിയുടെ പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമായിരിക്കും. അദ്ദേഹത്തിന്‍റെ അവസാന വാക്കിനായാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്. തമിഴ് സൂപ്പര്‍ താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായതായും ഗുരുമൂര്‍ത്തി റിപബ്ലിക്ക് ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

2019 ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് രജനിയുടെയും ബിജെപിയുടെയും നീക്കം എന്നാണ് റിപ്പോര്‍ട്ട്. തമിഴ് നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് പുറത്ത് ശക്തമായ സാന്നിധ്യമുണ്ടാക്കാനുള്ള ബിജെപി ശ്രമത്തിന്‍റെ ഭാഗമാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനം എന്ന വിലയിരുത്തല്‍ ശക്തമാണ്. ജൂലൈ അവസാനത്തോടെ രജനീകാന്തിന്‍റെ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപബ്ലിക്ക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ആരാധകരുമായി കഴിഞ്ഞ മാസം നടത്തിയ കൂടികാഴ്ചയിലാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചന നല്‍കിയത്. തുടര്‍ന്ന് വിവിധ തലങ്ങളില്‍ ചര്‍ച്ച നടക്കുകയായിരുന്നു. അതിനിടയില്‍ കാല എന്ന പാ രഞ്ജിത്തിന്‍റെ ചിത്രത്തിന്‍റെ ചിത്രീകരണത്തിലും രജനി സജീവമായി. റോബോട്ട് 2.0 ആണ് രജനിയുടെ അടുത്തതായി ഇറങ്ങേണ്ട ചിത്രം.