ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രമായ കാലാ കരികാലന്റെ ചിത്രീകരണം നാളെ മുംബൈയില്‍ തുടങ്ങും. കബാലിയ്ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുംബൈ അധോലോകത്തിന്റെ കഥയ്‌ക്കൊപ്പം രാഷ്ട്രീയപരാമര്‍ശങ്ങളുമുണ്ടാകുമെന്നാണ് സൂചന. നിലവില്‍ ജോലിയില്‍ മാത്രം ശ്രദ്ധ ചെലുത്തുകയാണെന്നും, തന്നെ തന്റെ ജോലി ചെയ്യാനനുവദിയ്ക്കണമെന്നും മുംബൈയ്ക്ക് പുറപ്പെടുന്നതിന് മുന്‍പ് രജനീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം മുംബൈ അധോലോകവുമായി ബന്ധപ്പെട്ട കഥയല്ല കാലാ കരികാലന്റേതെന്ന് സംവിധായകന്‍ പാ രഞ്ജിത്ത് പറഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ രജനി ഇരിയ്ക്കുന്ന വാഹനത്തിന്റെ നമ്പര്‍ MH BR 1956 എന്നാണ്. 1956 ലാണ് ഭരണഘടനാശില്‍പിയും ദളിത് സമരങ്ങളുടെ നായകനുമായ ബി ആര്‍ അംബേദ്കര്‍ അന്തരിച്ചത്. ചിത്രത്തിന്റെ പ്രമേയത്തിന് ദളിത് രാഷ്ട്രീയവുമായി ബന്ധമുണ്ടാകാമെന്നാണ് വിലയിരുത്തല്‍.