വിശ്വരൂപത്തിലെ ഗാനം കമലിന് മുന്നില്‍ ആലപിച്ച് രാകേഷ്
'വിശ്വരൂപ'ത്തിലെ 'ഉന്നെ കാണാത് നാന്' എന്നാരംഭിക്കുന്ന പാട്ട് പാടി സോഷ്യല് മീഡിയയില് കഴിഞ്ഞ ദിവസങ്ങളില് തരംഗം സൃഷ്ടിച്ച രാകേഷ് ഉണ്ണിക്ക് സ്വപ്നസാഫല്യം. സുഹൃത്ത് ഷൂട്ട് ചെയ്ത വീഡിയോ കണ്ട് നേരത്തെ കമല് ഹാസനും ശങ്കര് മഹാദേവനും ഗോപി സുന്ദറുമൊക്കെ രാകേഷിനെ നേരിട്ട് വിളിച്ചിരുന്നു. ഇപ്പോഴിതാ ഫേസ്ബുക്കില് വൈറലായ അതേഗാനം കമല്ഹാസന് മുന്നില് നേരിട്ട് പാടിയിരിക്കുകയാണ് രാകേഷ്. ഇതിന്റെ വീഡിയോയാണ് സോഷ്യല് മീഡിയാ പ്ലാറ്റ്ഫോമുകളില് ഇപ്പോള് പ്രചരിക്കുന്നത്.

തടിപ്പണിക്കാരനാണ് മാവേലിക്കര നൂറനാട് സ്വദേശിയായ രാകേഷ് ഉണ്ണി. കഴിഞ്ഞ ഒരു മഴദിവസം പണി തടസ്സപ്പെട്ട ഇടവേളയില് സുഹൃത്തുക്കളുടെ ആവശ്യപ്രകാരം പാടിയ പാട്ടാണ് ഫേസ്ബുക്കിലൂടെ ആയിരങ്ങള് കണ്ടത്. സുഹൃത്ത് മൊബൈലില് ചിത്രീകരിച്ച വീഡിയോ സുഹൃത്തിന്റെ സഹോദരി ഫേസ്ബുക്കില് അപ്ലോഡ് ചെയ്യുകയായിരുന്നു. ശങ്കര് മഹാദേവനാണ് രാകേഷിനെ വിളിച്ച് കമല്ഹാസന് വിളിക്കുമെന്ന് അറിയിച്ചത്. ആദ്യം ഫോണിലും പിന്നീട് നേരിട്ടും രാകേഷിന്റെ പാട്ട് കമല് കേട്ടു. അഭിനന്ദിക്കുകയും ചെയ്തു.
