മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്തെത്തി. ഇന്ന് റിലീസ് ചെയ്ത മോഹന്‍ലാല്‍-രഞ്ജിത്ത് ചിത്രം ഡ്രാമയ്‌ക്കൊപ്പം തീയേറ്ററുകളില്‍ സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു ഗാനഗന്ധര്‍വ്വന്റേത്. പിന്നാലെ യുട്യൂബിലും ടീസര്‍ എത്തി.

മമ്മൂട്ടിയുടെ പല കാലങ്ങളിലെ ഹിറ്റ് സിനിമകളിലെ ജനപ്രിയ ഡയലോഗുകള്‍ ഉള്‍പ്പെടുന്നതാണ് ടീസര്‍. അതിരാത്രം മുതല്‍ ഗ്രേറ്റ്ഫാദര്‍ വരെയുള്ള സിനിമകളിലെ മമ്മൂട്ടി കഥാപാത്രങ്ങള്‍ 1.54 മിനിറ്റുള്ള ടീസര്‍ വീഡിയോയില്‍ മിന്നിമായുന്നുണ്ട്. പിന്നാലെ രമേശ് പിഷാരടി നേരിട്ടെത്തി പ്രോജക്ടിനെക്കുറിച്ച് പറയുകയും ചെയ്യുന്നു. ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമാണ് മമ്മൂട്ടിയുടെ നായകന്‍. 'ഗാനമേള വേദികളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസ് ആയി മമ്മൂക്ക വേഷമിടുമ്പോള്‍ ആ ചെറിയ ജീവിതത്തിലെ രസങ്ങളും നീരസങ്ങളും 2019ല്‍ നിങ്ങളുടെ മുന്നില്‍ എത്തുന്നു', രമേശ് പിഷാരടി പറയുന്നു.